ഹൈദരാബാദ്: തങ്ങളുടെ ഫോർത്ത് ജനറേഷൻ മാരുതി സ്വിഫ്‌റ്റ് സിഎൻജി ഇന്ത്യയിൽ അവതരിപ്പിച്ച് മാരുതി സുസുക്കി. മികച്ച മൈലേജോടെയാണ് പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. 8.20 ലക്ഷം രൂപയാണ് മാരുതി സ്വിഫ്‌റ്റ് സിഎൻജിയുടെ പ്രാരംഭ എക്‌സ് ഷോറൂം വില. ഇതോടെ മാരുതിയുടെ പോർട്ട്ഫോളിയോയിൽ ആകെ 14 സിഎൻജി മോഡലുകളുണ്ട്. പുതിയ മോഡലിന്‍റെ വില, ഫീച്ചറുകൾ, മൈലേജ് എന്നിവ പരിശോധിക്കാം.
പുതിയ സ്വിഫ്റ്റ് സിഎൻജി വേരിയൻ്റിൽ 1.2 ലിറ്റർ കപ്പാസിറ്റിയുള്ള Z സീരീസ് ഡ്യുവൽ വിവിടി എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. 69.75PS പവറും 101.8Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് പുതിയ മോഡലിലുള്ളത്. പുതിയ വാഹനം പഴയ സിഎൻജി മോഡലുകളേക്കാൾ മികച്ച മൈലേജ് നൽകുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. ഒരു കിലോ സിഎൻജി ഉപയോഗിച്ചാൽ 32.85 കിലോമീറ്റർ മൈലേജ് ലഭിക്കും. പുതിയ മാരുതി സ്വിഫ്‌റ്റ് സിഎൻജി വേരിയൻ്റിന്‍റെ മറ്റ് സവിശേഷതകൾ പരിശോധിക്കാം.
സവിശേഷതകൾ:
- ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം
- ആറ് എയർബാഗുകൾ
- ഹിൽ ഹോൾഡ് അസിസ്റ്റ്
- മികച്ച മൈലേജ്
- ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
- പിൻവശത്ത് എസി വെന്‍റ്
- വയർലെസ് ചാർജർ
- 60:40 സ്പ്ലിറ്റ് പിൻ സീറ്റ്
- 7 ഇഞ്ച് സ്‌മാർട്‌പ്ലേ പ്രോ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം
സ്വിഫ്‌റ്റ് VXI CNG, സ്വിഫ്‌റ്റ് VXI(o) എന്നിവയാണ് മാരുതി സ്വിഫ്‌റ്റ് സിഎൻജിയുടെ പുതിയ വേരിയന്‍റുകൾ. മുൻപ് VXI, ZXI എന്നീ വേരിയന്‍റുകളെ ഉണ്ടായിരുന്നുള്ളു. മാരുതി സുസുക്കിയുടെ സ്വിഫ്‌റ്റ് VXI സിഎൻജിയുടെ എക്‌സ് ഷോറൂം വില 8.19 ലക്ഷം രൂപയും, VXI(o) വേരിയന്‍റിന്‍റെ വില 8.46 ലക്ഷം രൂപയും, ZXI CNG വേരിയന്‍റിന്‍റെ വില 9.19 ലക്ഷം രൂപയുമാണ്. മാരുതി സുസുക്കിയുടെ വിൽപ്പന കുതിച്ചുയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 4 മാസത്തിനുള്ളിൽ 67,000 യൂണിറ്റാണ് വിറ്റഴിക്കപ്പെട്ടത്.