ഹൈദരാബാദ്: എൻ സീരീസിൽ പുറത്തിറക്കാൻ പോകുന്ന തങ്ങളുടെ ബജാജ് പൾസർ N125 ബൈക്കിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ട് ബജാജ് ഓട്ടോ. പൾസറിന്‍റെ മറ്റ് മോഡലുകളിൽ നിന്നും വ്യത്യസ്‌തമായി കൂടുതൽ മെച്ചപ്പെട്ട സ്റ്റൈലിലും ഫീച്ചറുകളിലുമാണ് പൾസർ N 125 അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കിന്‍റെ കൂടുതൽ സവിശേഷതകളെ കുറിച്ചോ, വിലയെ കുറിച്ചോ കമ്പനി യാതൊന്നും പുറത്തുവിട്ടിട്ടില്ല. ഇത് ലോഞ്ചിനോടനുബന്ധിച്ചാകും പുറത്ത് വരുക.
പൂർണമായും പുതിയ യൂണിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകളാണ് പൾസർ N 125ൽ നൽകിയിരിക്കുന്നത്. കൂടാതെ ഫോർക്ക് കവറിനും ഹെഡ്‌ലൈറ്റിന് ചുറ്റുമുള്ള പാനലിനും നൽകിയിരിക്കുന്നത് പ്ലാസ്റ്റിക് കവറിങ് ആണ്. ഹെഡ്‌ലൈറ്റിന് ചുറ്റുമുള്ള പ്ലാസ്റ്റിക് പാനൽ വ്യത്യസ്‌ത നിറങ്ങളിൽ ലഭ്യമാകും.
ബജാജ് പൾസർ N125ൻ്റെ ചക്രങ്ങൾ പൾസർ N150 മോഡലിന്‍റെ ചക്രങ്ങൾക്ക് സമാനമാണ്. കൂടാതെ ഡിസ്‌പ്ലേയും ഇൻഡിക്കേറ്ററും ബജാജ് അടുത്തിടെ പുറത്തിറക്കിയ ഫ്രീഡം 125 CNG വേരിയന്‍റിന് സമാനമാണ്. ഇത് ബജാജ് പൾസർ N125 ന്‍റെ ബ്ലൂടൂത്ത് ഫങ്‌ഷണാലിറ്റി ഇൻ-ബിൽട്ട് ആയി നൽകിയിട്ടുണ്ടാകാം എന്നതിലേക്കാണ് സൂചന നൽകുന്നത്. സൈഡ് പാനലുകളിലും ടെയിൽ വശത്തും പുതിയ ഗ്രാഫിക്‌സും ലഭ്യമാകും.
ജനപ്രിയ ന്യൂ ജനറേഷൻ 125 മോട്ടോർ സൈക്കിളുകളായ ടിവിഎസ് റൈഡർ, ഹീറോ എക്‌സ്ട്രീം തുടങ്ങിയവയുമായി ആയിരിക്കും പുതിയ ബജാജ് പൾസർ 125 വിപണിയിൽ മത്സരിക്കുക. ടിവിഎസ് റൈഡർ, ഹീറോ എക്‌സ്ട്രീം 125R എന്നീ മോഡലുകൾക്ക് സമാനമായി പൾസർ N125നും സ്‌പ്ലിറ്റ് സീറ്റുകൾ ലഭ്യമാകും.
പൾസർ 125, പൾസർ NS125, ഫ്രീഡം 125, CT 125X എന്നീ മോഡലുകൾക്ക് ശേഷം 125 സിസി ക്ലാസിൽ ബജാജ് അഞ്ചാമത് പുറത്തിറക്കുന്നതാണ് പൾസർ N125. ബജാജ് ഓട്ടോയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ലോഞ്ച് ആയിരിക്കും ഇത്. ബജാജിൻ്റെ 125 സിസി പൾസർ ബൈക്കുകൾ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിലൊന്നാണ്.
ഡിസൈൻ, ഫീച്ചറുകൾ, ടെക്‌നോളജി എന്നിവയിൽ ബജാജിനോട് മത്സരിക്കാൻ ഹീറോയും ടിവിഎസ് മോട്ടോറും വിപണിയിൽ ഒപ്പത്തിനൊപ്പം ഉണ്ടെന്നതിനാൽ തന്നെ ഈ മോഡലുകളുടെ അതേ റേഞ്ചിലായിരിക്കും പൾസർ N125 ന്‍റെ വില വരുക. അതിനാൽ തന്നെ ബജാജ് പൾസർ N125ന്‍റെ എക്‌സ്-ഷോറൂം വില 90,000 രൂപ മുതൽ 1.1 ലക്ഷം രൂപ വരെയാവാനാണ് സാധ്യത.