ഹൈദരാബാദ്: ബൈക്ക് പ്രേമികൾക്ക് പ്രിയപ്പെട്ട വാഹനമാണ് തദ്ദേശീയ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബജാജ് ഓട്ടോയുടെ പൾസർ. കമ്പനി തങ്ങളുടെ എൻ സീരീസിൽ പുതിയ ബജാജ് പൾസർ 125 അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോൾ. ബജാജ് പൾസർ N125 ഒക്ടോബർ 16ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ബജാജ് ഓട്ടോയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ലോഞ്ച് ആയിരിക്കും ഇത്. ബജാജ് ഓട്ടോ അതിൻ്റെ ലൈനപ്പിലെ എല്ലാ ബൈക്കുകൾക്കും നേക്കഡ് എൻ ബോഡി സ്റ്റൈൽ നൽകിയിട്ടുണ്ട്. എന്നാൽ 125 സിസി ബൈക്ക് മാത്രമായിരുന്നു ബേസിക് എൻഎസ് സീരീസിൽ വിൽക്കുന്നത്. എന്നാൽ അടുത്തു തന്നെ 125 സിസിയിലും എൻ സീരീസിൽ പൾസർ 125 അവതരിപ്പിക്കാൻ പോകുകയാണ് ബജാജ്.
ജനപ്രിയ ന്യൂ ജനറേഷൻ 125 മോട്ടോർ സൈക്കിളുകളായ ടിവിഎസ് റൈഡർ, ഹീറോ എക്‌സ്ട്രീം തുടങ്ങിയവയുമായി ആയിരിക്കും പുതിയ ബജാജ് പൾസർ 125 വിപണിയിൽ മത്സരിക്കുക. അതിനാൽ തന്നെ പുതിയ ബൈക്കിൻ്റെ രൂപകൽപ്പന വലിയ പൾസർ N150, N160, N250 എന്നിവയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
എൻ സീരീസിൽ ഇതുവരെയുള്ള എല്ലാ ബൈക്കുകൾക്കും പുതിയ എഞ്ചിനുകൾ നൽകിയിട്ടുണ്ട്. ഉയർന്ന സ്‌മൂത്ത്‌നെസും റിഫൈൻമെന്‍റും നൽകുന്ന എഞ്ചിനുകളാണ് നൽകിയിരിക്കുന്നത്. 125 സിസി സിംഗിൾ സിലിണ്ടർ മോട്ടോറിലും 5 സ്‌പീഡ് ഗിയർബോക്‌സിലുമായിരിക്കും ബജാജ് പൾസർ N25 അവതരിപ്പിക്കുക. പുതിയ ബജാജ് പൾസർ N125 മോഡലിന് N150 മോഡലുമായി സാമ്യതകൾ ഉണ്ടാകാനിടയുണ്ട്.
ബജാജിൻ്റെ 125 സിസി പൾസർ ബൈക്കുകൾ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിലൊന്നാണ്. ഡിസൈൻ, ഫീച്ചറുകൾ, ടെക്‌നോളജി എന്നിവയിൽ ബജാജിനോട് മത്സരിക്കാൻ ഹീറോയും ടിവിഎസ് മോട്ടോറും ഉണ്ടെന്നതിനാൽ തന്നെ 90,000 രൂപ മുതൽ 1.1 ലക്ഷം രൂപ വരെയായിരിക്കും ബജാജ് പൾസർ N125ന്‍റെ എക്‌സ്-ഷോറൂം വില.