ഹൈദരാബാദ്: അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി ആയ BE 6e യുടെ പേര് മാറ്റി. BE 6 എന്നാണ് പുതിയ പേര്. പേരിന്‍റെ പകർപ്പാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇൻഡിഗോ കേസ് ഫയൽ ചെയ്‌തതിനെ തുടർന്നാണ് BE 6e യുടെ പേര് മാറ്റിയത്.
മഹീന്ദ്ര പുതിയ ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ടതിനെതിരെ ഇൻഡിഗോ നിയമനടപടി സ്വീകരിച്ചിരുന്നു. ഇൻഡിഗോ ഡൽഹി ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് പേരുമാറ്റം. സാങ്കേതിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിഭാഗങ്ങളിലാണ് ഇൻഡിഗോ 6e എന്ന പേരിന് പകർപ്പാവകാശം നേടിയത്. ക്ലാസ് 9, ക്ലാസ് 35, 39 എന്നീ വിഭാഗങ്ങളിലാണ് ഇൻഡിഗോ പകർപ്പാവകാശം നേടിയിരിക്കുന്നത്. അതേസമയം മോട്ടോർ വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും ഉൾക്കൊള്ളുന്ന ക്ലാസ് 12 വിഭാഗത്തിലാണ് മഹീന്ദ്ര BE 6e രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഇൻഡിഗോയുടെ ട്രേഡ് മാർക്കുമായി തങ്ങളുടെ കാറിന്‍റെ പേരിന് ബന്ധമില്ലെന്നാണ് മഹീന്ദ്രയുടെ വാദം. കൂടാതെ ടാറ്റ മോട്ടോഴ്‌സ് 'ഇൻഡിഗോ' എന്ന പേരിൽ തന്നെ കാറുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും മഹീന്ദ്ര പ്രസ്‌താവനയിൽ പറയുന്നു. തങ്ങളുടെ BE 6e എന്ന പേരും ഇൻഡിഗോയുടെ 6e എന്ന പേരും അടിസ്ഥാനപരമായി വ്യത്യസ്‌തമാണെന്നും വ്യത്യസ്‌ത വിഭാഗത്തിലാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്നും മഹീന്ദ്ര കൂട്ടിച്ചേർത്തു.
ഇത്തരം തർക്കങ്ങൾ രണ്ട് കമ്പനികൾക്കും ഒരു രീതിയിലും ഗുണം ചെയ്യില്ലെന്നും മഹീന്ദ്ര സൂചിപ്പിച്ചു. ഈ വിഷയം പുതിയ ഇലക്‌ട്രിക് എസ്‌യുവിയുടെ വിൽപ്പന വൈകിപ്പിക്കില്ല. പേര് മാറ്റിയെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.