ന്യൂഡൽഹി: സെപ്‌റ്റംബർ പാദത്തിൽ ഇന്ത്യയിൽ സർവകാല റെക്കോർഡ് വരുമാനം നേടി ആപ്പിൾ. ഇതിന് പിന്നാലെ രാജ്യത്ത് നാല് റീട്ടെയിൽ സ്റ്റോറുകൾ കൂടി ആരംഭിക്കാനൊരുങ്ങുന്നതായി കമ്പനി അറിയിച്ചു. ആപ്പിൾ സിഇഒ ടിം കുക്ക് ആണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ സാമ്പത്തിക വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ 50,000 കോടി രൂപയാണ് ആപ്പിളിന്‍റെ വരുമാനം.
ജൂലൈ-സെപ്റ്റംബർ മാസത്തിനുള്ളിൽ ആപ്പിൾ 94.9 ബില്യൺ ഡോളർ വരുമാനം രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ പാദത്തിൽ റെക്കോർഡ് വരുമാനം രേഖപ്പെടുത്താൻ കമ്പനിക്കായി. സെപ്‌തംബർ പാദത്തിലെ റെക്കോർഡ് ഒരു വർഷം മുമ്പുള്ളതിനേക്കാൾ 6 ശതമാനം വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൊത്തം വരുമാനം വർഷം തോറും 12 ശതമാനം വർധിച്ചതായാണ് കണക്കുകൾ.
ബെംഗളൂരു, പൂനെ, ഡൽഹി-എൻസിആർ, മുംബൈ എന്നിവിടങ്ങളിൽ ആപ്പിൾ പുതിയ സ്റ്റോറുകൾ തുറക്കാനൊരുങ്ങുന്നതായി നേരത്തെയും റിപ്പോർട്ടുകൾ വന്നിരുന്നു. 2023 ഏപ്രിലിലാണ് ആപ്പിൾ ഇന്ത്യയിൽ ആദ്യമായി റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നത്. ഇപ്പോൾ റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണം ഇനിയും ഉയർത്താനുള്ള തീരുമാനത്തിലാണ് ആപ്പിൾ.
'ഇന്ത്യയിലെ ഞങ്ങളുടെ വളർച്ചയിൽ ഞങ്ങൾ വലിയ ആവേശത്തിലാണ്. സർവകാല വരുമാന റെക്കോർഡ് നേടാൻ ഞങ്ങൾക്ക് സാധ്യമായി. ഈ വർഷം ആപ്പിളിനെ സംബന്ധിച്ചിടത്തോളം അസാധാരണമായ വർഷമാണ്. മെക്‌സിക്കോ, ബ്രസീൽ, മിഡിൽ ഈസ്റ്റ്, ഇന്ത്യ, ദക്ഷിണേഷ്യ എന്നീ രാജ്യങ്ങളിലെ വിപണികളിലെ കമ്പനിയുടെ മികച്ച പ്രകടനവും വളർച്ചയും ഞങ്ങൾക്ക് കാണാനായി.' ടിം കുക്കിന്‍റെ വാക്കുകൾ ഇങ്ങനെ...ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി 4 പുതിയ സ്റ്റോറുകൾ കൂടെ തുടങ്ങാൻ ഒരുങ്ങുന്നതായും കുക്ക് പറഞ്ഞു.
നിലവിൽ ആപ്പിളിന് ന്യൂഡൽഹി (സാകേത്), മുംബൈ (ബികെസി) എന്നിവിടങ്ങളിലായി ഇന്ത്യയിൽ രണ്ട് റീട്ടെയിൽ സ്റ്റോറുകളാണ് ഉള്ളത്. എസ്‌വിപി ചീഫ് ഫിനാൻഷ്യൽ ഓഫിസറായ ലൂക്ക മേസ്‌ട്രി പറയുന്നതനുസരിച്ച്, സെപ്റ്റംബർ പാദത്തിൽ കമ്പനി എക്കാലത്തെയും റെക്കോർഡ് വരുമാനമാണ് നേടിയിരിക്കുന്നത്. തദ്ദേശീയ മൊബൈൽ നിർമ്മാണത്തിൽ ഇന്ത്യ മുൻകാല റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറിക്കൊണ്ടിരിക്കുമ്പോൾ, ടെക് ഭീമനായ ആപ്പിൾ ഈ സാമ്പത്തിക വർഷത്തിലെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയുടെ കണക്കുകളും മറികടക്കും.
2022-23 വർഷത്തിൽ ഐഫോണിന്‍റെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 6.27 ബില്യൺ ഡോളറായിരുന്നു. പിന്നീട് 2023-24 ൽ 10 ബില്യൺ ഡോളറായി ഉയർന്നു. 2024 സാമ്പത്തിക വർഷത്തിലെ ഐഫോൺ നിർമ്മാതാക്കളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ 23.5 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആപ്പിൾ 14 ബില്യൺ ഡോളർ മൂല്യം വരുന്ന ഐഫോണുകൾ രാജ്യത്ത് നിർമിക്കുകയും, 10 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഉപകരണങ്ങൾ കയറ്റുമതി ചെയ്യുകയും ചെയ്‌തു.