ഹൈദരാബാദ്: ആപ്പിൾ ഇൻ്റലിജൻസുമായെത്തുന്ന ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഒഎസ് 18.2 അപ്‌ഡേറ്റ് ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. സിരി, ജെൻമോജി, വിഷ്വൽ ഇൻ്റലിജൻസ്, ഇമേജ് പ്ലേഗ്രൗണ്ട്, അഡ്വാൻസ്‌ഡ് റൈറ്റിങ് ടൂളുകൾ, ചാറ്റ്ജിപിടി ഇൻ്റഗ്രേഷൻ തുടങ്ങിയ എഐ ഫീച്ചറുകളുമായാണ് പുതിയ അപ്‌ഡേറ്റ് വരുന്നത്. ഐഒഎസ് 18.2 ഈ ആഴ്‌ച തന്നെ അവതരിപ്പിക്കുമെന്നാണ് വിവരം. അതേസമയം അപ്‌ഡേറ്റ് ഇന്ന് (ഡിസംബർ 9) എത്തുമെന്നും സൂചനയുണ്ട്.
ഐഫോൺ ഉപഭോക്താക്കൾ ഏറെ നാളായി കാത്തിരിക്കുന്ന ഫീച്ചറാണ് ആപ്പിൾ ഇൻ്റലിജൻസ് അഥവാ ആപ്പിളിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്. ആപ്പിളിന്‍റെ ഈ വർഷത്തെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലാണ് കമ്പനി ആപ്പിൾ ഇൻ്റലിജൻസ് പ്രഖ്യാപിച്ചത്. എന്നാൽ iOS 18 അപ്‌ഡേറ്റിനൊപ്പം ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ എത്തിയിരുന്നില്ല.
ഐഒഎസ് 18.2 അപ്‌ഡേറ്റിന്‍റെ സവിശേഷതകൾ:
- സിരി-ചാറ്റ്ജിപിടി ഇൻ്റഗ്രേഷൻ:
ആപ്പിളിൻ്റെ എഐ വോയ്‌സ് അസിസ്റ്റൻ്റായ സിരിക്ക് ചാറ്റ്ജിപിടി ഇൻ്റഗ്രേഷൻ ലഭിക്കുന്നതിനാൽ, പുതിയ ഐഒഎസ് 18.2 അപ്‌ഡേറ്റ് സിരി ഉപയോഗത്തെ മറ്റൊരു തലത്തിൽ എത്തിക്കും. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ഉപയോക്താക്കൾ ഓപ്പൺ എഐ വഴി ചോദിക്കുന്ന ചോദ്യങ്ങളുടെ ഐപി വിലാസങ്ങൾ മറയ്ക്കപ്പെടും. ഇത് ഉപയോക്താക്കൾക്ക് പൂർണ സ്വകാര്യത നൽകും. പുതിയ സിരി ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് ആപ്പിൾ ഉപയോക്താക്കൾ അവരുടെ ചാറ്റ്ജിപിടി അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യേണ്ടതില്ല.
- ജെൻമോജി:
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് കീബോർഡിലേക്കായി പുതിയ ഇമോജികൾ സൃഷ്‌ടിക്കാൻ ജെൻമോജി ഫീച്ചർ വഴി ഉപയോക്താക്കൾക്ക് സാധിക്കും. ഉപയോക്താവിന്‍റെ ഗാലറിയിൽ നിന്നും വിവരങ്ങളെടുത്ത് പ്രിയപ്പെട്ടവരുടെ ഇമോജികൾ നിർമിക്കാനും ഈ ഫീച്ചർ സഹായകമാവും.
- ഇമേജ് ബാൻഡ്:
പുതിയ അപ്‌ഡേറ്റിലെ ഏറ്റവും മികച്ച എഐ സവിശേഷതകളിലൊന്നാണ് ഇമേജ് ബാൻഡ്. നോട്ട്‌സ് ആപ്പിലെ ടെക്‌സ്‌റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഐപാഡ് ഉപയോക്താക്കളുടെ സ്കെച്ചുകൾ പൂർണ ചിത്രങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ഫീച്ചറാണ് ഇത്.
- ഇമേജ് പ്ലേഗ്രൗണ്ട്:
ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാനായി ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിളിൻ്റെ ആദ്യ എഐ ഇമേജ് ജനറേഷൻ ആപ്പാണ് ഇമേജ് പ്ലേഗ്രൗണ്ട്. ഈ ആപ്പ് വഴി നിർമിക്കുന്ന ഇമേജുകളുടെ വിവരണങ്ങൾ ടെക്‌സ്‌റ്റ് രൂപത്തിലാക്കാനും, ആപ്പിൾ നൽകുന്ന നിർദേശങ്ങളിലൂടെ മാറ്റാനും സാധിക്കും.
- വിഷ്വൽ ഇൻ്റലിജൻസ്:
ക്യാമറ ഉപയോഗിച്ച് തത്സമയ വിവരങ്ങൾ നൽകുന്ന എഐ സംവിധാനമാണ് വിഷ്വൽ ഇൻ്റലിജൻസ്. ഒരു ഫോട്ടോ സ്‌കാൻ ചെയ്യുന്നതിലൂടെ അതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ വിഷ്വൽ ഇന്‍റലിജൻസ് വഴി സാധിക്കും.
ഏതൊക്കെ ഐഫോണുകളിൽ ലഭ്യമാവും?
ഐഒഎസ് 18.2 അപ്‌ഡേറ്റിലെ പ്രധാനപ്പെട്ട ഫീച്ചറായ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ ഐഫോൺ 16 സീരീസിലും ഐഫോൺ 15 പ്രോ മോഡലുകളിലുമാണ് ലഭ്യമാകുക എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കൂടുതൽ മോഡലുകളിൽ ലഭ്യമാകുമെന്നാണ് വിവരം. ഐഒഎസ് 18.2 അപ്‌ഡേറ്റ് ലഭ്യമാവുന്ന ഐഫോണുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
- ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ്
- ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ്
- ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ്
- ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്‌സ്
- ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ്
- ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ്
- ഐഫോൺ XR, XS, XS Max
- ഐഫോൺ SE (രണ്ടാം തലമുറ), iPhone SE (മൂന്നാം തലമുറ)
അപ്‌ഡേറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പുതിയ ഐഒഎസ് 18.2 അപ്‌ഡേറ്റ് അവതരിപ്പിച്ചാൽ ഐഫോണിന്‍റെ 'സെറ്റിങ്സ്' തുറന്ന് 'സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്' ക്ലിക്ക് ചെയ്യുക. തുടർന്ന് ഏറ്റവും പുതിയ 18.2 അപ്‌ഡേറ്റ് കാണാനാകും. തുടർന്ന് 'ഡൗൺലോഡ് ആൻഡ് ഇൻസ്റ്റാൾ' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.