പഴയങ്ങാടി മാടായി പാറയിൽ തീപിടുത്തം - kannur latest news
🎬 Watch Now: Feature Video
കണ്ണൂർ: ജൈവ വൈവിധ്യത്തിൻ്റെയും അത്യപൂർവ സസ്യങ്ങളുടെയും കലവറയായ മാടായി പാറയിൽ തീപിടിത്തം. ഏക്കർ കണക്കിനു സ്ഥലത്തെ പുല്ല് തീപിടുത്തത്തിൽ കത്തി നശിച്ചു. പയ്യന്നൂർ ഫയർ ഫോഴ്‌സും പഴയങ്ങാടി എസ് ഐ ഷാജുവിൻ്റെയും നേതൃത്വത്തിൽ മണിക്കൂറുകളുടെ പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമായത്. മാടായിപ്പാറയിലെ ദേവസ്വം ഭൂമിയിലെ രണ്ടര ഏക്കറോളമാണ് കത്തി നശിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് തീ പിടുത്തമുണ്ടായത്.കടുത്ത വേനലിലും ഏക്കറുകണക്കിന് വ്യാപിച്ചുകിടക്കുന്ന മാടായി പാറയിൽ സാമൂഹ്യവിരുദ്ധർ തീ ഇടുന്നത് പതിവാണ്. അമിത ചൂടിലും കാറ്റിലും ഉണങ്ങിയ പുല്ലിൽ വേഗത്തിൽ തീ പടരുകയായിരുന്നു. ചൂടും കാറ്റുമുള്ള പ്രദേശമായതുകൊണ്ട് തന്നെ തീപിടുത്തമുണ്ടായാൽ പെട്ടെന്ന് കത്തിപ്പടരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പയ്യന്നൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തിച്ചേരേണ്ട ബുദ്ധിമുട്ട് കണക്കിലെടുത്ത് പഴയങ്ങാടിയിൽ ഒരു ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.