ഗുസ്‌തി താരങ്ങളുടെ സമരം: സച്ചിന്‍റെ മൗനത്തില്‍ പ്രതിഷേധം, വസതിക്ക് മുന്‍പില്‍ ഫ്ലക്‌സ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്
🎬 Watch Now: Feature Video
മുംബൈ: ഗുസ്‌തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ മൗനം പാലിച്ചതില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വസതിക്ക് മുന്നില്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്. മഹാരാഷ്‌ട്രയിലെ ബാന്ദ്ര വെസ്റ്റ് പെറി ക്രോസ് റോഡിലെ വസതിക്ക് മുന്നിലാണ് സംഭവം. ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്‍റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെയാണ് ഗുസ്‌തി താരങ്ങളുടെ പരാതി. വിഷയത്തില്‍ സച്ചിന്‍റെ പ്രതികരണം ആവശ്യപ്പെട്ടാണ് ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.
ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയില്ലാത്ത സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടും സച്ചിന് മിണ്ടാട്ടമില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഗുസ്‌തി താരങ്ങളുടെ സമരത്തെ കുറിച്ച് സച്ചിന്‍ നിലപാട് വ്യക്തമാക്കാത്തിനെതിരെ ബോര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നുണ്ട്. കായിക ലോകത്ത് സ്‌ത്രീകള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ എന്തുകൊണ്ടാണ് ശബ്‌ദമുയര്‍ത്താത്തതെന്നും ഫ്ലക്‌സില്‍ ചോദിക്കുന്നു.
സച്ചിന്‍റെ വാക്കുകള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനമാണുള്ളത്. ഭാരത് രത്ന ജേതാവായ സച്ചിന്‍ വിഷയത്തില്‍ പ്രതികരിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. ഫ്ലക്‌സിന് താഴെ യൂത്ത് കോണ്‍ഗ്രസ് വക്താവ് രഞ്ജിത ഗോറിന്‍റെ പേരാണ് പരാമര്‍ശിച്ചിട്ടുള്ളത്. ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ മുംബൈ പൊലീസെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിട്ട് ബോര്‍ഡ് നീക്കം ചെയ്‌തു.