സ്വര്‍ണമാല മോഷ്‌ടിച്ചെന്ന് ആരോപണം; പൊലീസ് ചോദ്യം ചെയ്‌ത യുവാവ് ആത്മഹത്യ ചെയ്‌തു, പരാതിയുമായി കുടുംബം
🎬 Watch Now: Feature Video
ഇടുക്കി: അയല്‍വാസിയുടെ വീട്ടില്‍ നിന്നും സ്വര്‍ണമാല മോഷ്‌ടിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യാന്‍ വാഹനത്തില്‍ കയറ്റി കൊണ്ടു പോയ യുവാവ് ആത്മഹത്യ ചെയ്‌തതായി പരാതി. നെടുങ്കണ്ടം സന്യാസിയോട സ്വദേശി വാഴവീട്ടിൽ കാർത്തികേയനാണ് ( 37) മരിച്ചത്. ചെയ്യാത്ത തെറ്റിന് പൊലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയതിലെ മനോവിഷമത്തിലാണ് കാര്‍ത്തികേയന്‍ ആത്മഹത്യ ചെയ്‌തതെന്ന് കുടുംബം. സംഭവത്തില്‍ കുടുംബം ഡിവൈഎസ്‌പിക്ക് പരാതി നല്‍കിയിട്ടുണ്ട്. മോഷ്‌ടാക്കളെ ഉടന് പിടികൂടണമെന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് കാര്‍ത്തികേയന്‍ ജോലി ചെയ്യുന്ന കടമാക്കുഴി എസ്‌റ്റേറ്റിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ നടപടിയില്‍ യുവാവ് മാനസിക വിഷമത്തിലായിരുന്നുവെന്നും തുടര്‍ന്നാണ് ആത്മഹത്യ ചെയ്‌തതെന്നും കുടുംബം ആരോപിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ഇന്നലെയാണ് (ജൂലൈ 26) കാര്‍ത്തികേയന്‍റെ ഭാര്യ രാജേശ്വരി ഡിവൈഎസ്‌പിക്ക് പരാതി നല്‍കിയത്.
ജൂലൈ നാലിനാണ് കാര്‍ത്തികേയന്‍റെ അയല്‍വാസിയുടെ വീട്ടില്‍ നിന്നും സ്വര്‍ണമാല മോഷണം പോയത്. സംഭവത്തിന് പിന്നാലെ ജൂലൈ 19നാണ് അയല്‍വാസി കമ്പംമെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കാര്‍ത്തികേയനെതിരെ അയല്‍വാസി സംശയം ഉന്നയിച്ചതോടെയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്‌തത്. ജോലി സ്ഥലത്തെത്തിയ പൊലീസ് കാര്‍ത്തികേയന് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കേസില്‍ അന്വേഷണം നടത്തിയ പൊലീസിന് മോഷണത്തില്‍ കാര്‍ത്തികേയന് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ പൊലീസില്‍ നല്‍കിയ കേസ് അയല്‍വാസി പിന്‍വലിച്ചു. കേസ് വിവരം അറിയാന്‍ കാര്‍ത്തികേയന്‍ കമ്പംമെട്ട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും മറുപടി തൃപ്‌തികരമായിരുന്നില്ലെന്നും തുടര്‍ന്നാണ് ആത്മഹത്യ ചെയ്‌തതെന്നും കുടുംബം പറയുന്നു.
പരാതിയുമായി നാട്ടുകാര്‍: കാര്‍ത്തികേയന്‍ മരിച്ചതിന് പിന്നാലെ കേസില്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അതേസമയം കേസില്‍ പ്രതികളെ പിടികൂടുന്ന കാര്യത്തില്‍ പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരണവുമായി പൊലീസ്: മോഷണ കേസ് അടക്കമുള്ള ഇത്തരം കേസുകളില്‍ ആരോപണ വിധേയനായാല്‍ പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടു പോയി ചോദ്യം ചെയ്യുന്നത് സ്വഭാവികമാണെന്ന് കമ്പംമെട്ട് പൊലീസ് പറഞ്ഞു. മോഷണത്തെ കുറിച്ചും മരിച്ച കാര്‍ത്തികേയന്‍റെ ഭാര്യയുടെ പരാതിയെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും കട്ടപ്പന ഡിവൈഎസ്‌പി അറിയിച്ചു.