മകനെതിരെ പരാതി നല്‍കിയിട്ട് 4 വര്‍ഷം ; പൊലീസ് നടപടിയുണ്ടായില്ലെന്ന് ആരോപണം, നടുറോഡില്‍ 500 രൂപ നോട്ടുകള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധം - news updates
🎬 Watch Now: Feature Video
ഭോപ്പാല്‍ : മകനില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനെ സമീപിച്ച് 4 വര്‍ഷം കഴിഞ്ഞിട്ടും അമ്മയ്‌ക്ക് നീതി ലഭിച്ചില്ലെന്ന് പരാതി. പൊലീസ് സ്റ്റേഷന് മുമ്പില്‍ 500 രൂപ നോട്ടുകള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധമറിയിച്ച് മധ്യവയസ്‌ക. മധ്യപ്രദേശിലെ രാജീവ് നഗറിലാണ് സംഭവം.
രാജീവ് നഗര്‍ സ്വദേശിയായ ശാന്തി ദേവി ലോത്താണ് കെന്‍റ് പൊലീസ് സ്റ്റേഷന് മുമ്പില്‍ 500 രൂപയുടെ നോട്ടുകെട്ട് വലിച്ചെറിഞ്ഞത്. വ്യാഴാഴ്‌ച (ജൂണ്‍ 14) വൈകുന്നേരമാണ് പണവുമായി ശാന്തി ദേവി പൊലീസ് സ്റ്റേഷന് മുമ്പിലെത്തിയത്. നാലുവര്‍ഷം മുമ്പ് മകനില്‍ നിന്ന് ക്രൂര മര്‍ദനമേറ്റ ശാന്തി ദേവി കെന്‍റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധമായി നോട്ടുകള്‍ വലിച്ചെറിഞ്ഞത്.
പണമുള്ളവരെ മാത്രമാണ് പൊലീസ് പരിഗണിക്കുകയുള്ളൂ. സമൂഹത്തിലെ പാവപ്പെട്ടവരെ സംരക്ഷിക്കുന്നില്ലെന്നും പറഞ്ഞ ശാന്തി ദേവി തന്‍റെ കൈയിലും പണമുണ്ടെന്ന് പറഞ്ഞ് നോട്ടുകളെടുത്ത് പൊലീസ് സ്റ്റേഷന്‍റെ മുമ്പിലെ റോഡില്‍ വാരി വിതറുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നോട്ടുകള്‍ വലിച്ചെറിഞ്ഞ് കൈയില്‍ ഒരു വടിയുമെടുത്ത് റോഡിലൂടെ നടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ ഇവിടേക്കെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ റോഡില്‍ വലിച്ചെറിഞ്ഞ നോട്ടുകള്‍ പെറുക്കിയെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സമൂഹത്തിലെ പാവപ്പെട്ടവരെ പൊലീസ് പരിഗണിക്കുന്നില്ലെന്നും ശിവരാജ് സിങ് സര്‍ക്കാര്‍ സംസ്ഥാനത്ത് അഴിമതി പടര്‍ത്തുകയാണെന്നും ശാന്തി ദേവി ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.