മദ്യപിച്ച് മുന്നിലുള്ള വാഹനങ്ങളുമായി കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍; വേദനയ്‌ക്കിടയിലും ഡ്രൈവറെ ചെരുപ്പിനടിച്ച് പ്രതികരിച്ച് യുവതി
വിജയപുര (കര്‍ണാടക): അമിതവേഗത്തിലും അലക്ഷ്യമായും വാഹനമോടിക്കുന്നവര്‍ക്ക് ശക്തമായ പൊലീസ് നടപടികള്‍ നേരിടേണ്ടി വരാറുണ്ട്. ചിലരെയെല്ലാം കസ്‌റ്റഡിയിലെടുക്കുകയോ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യാറുമുണ്ട്. എന്നാല്‍ അമിതവേഗത്തിനും അപ്പുറം മദ്യപിച്ചുള്ള അപകടകരമായ ഡ്രൈവിങാണെങ്കില്‍ ഈ ശിക്ഷാനടപടികള്‍ ഒന്നുകൂടി കനക്കും. എന്നാല്‍ ഇത്തരമൊരു സംഭവത്തില്‍ പൊലീസിനും മുമ്പേയെത്തി തന്‍റെ ചെരുപ്പ് ഉപയോഗിച്ച് 'ശക്തമായ നടപടി'യെടുത്തിരിക്കുകയാണ് ഒരു യുവതി.
'ചെരുപ്പടി'വിദ്യ: വിജയപുര നഗരത്തിലെ സ്‌റ്റേഷന്‍ റോഡില്‍ വ്യാഴാഴ്‌ച രാത്രിയോടെയാണ് സംഭവം അരങ്ങേറുന്നത്. മദ്യപിച്ചെത്തിയ കാര്‍ ഡ്രൈവര്‍ അമിതവേഗത്തിലെത്തി അപകടം വിളിച്ചുവരുത്തുകയായിരുന്നു. കാറിടിച്ച് മുന്നില്‍ പോവുകയായിരുന്ന ബൈക്കിലെയും രണ്ട് ഓട്ടോറിക്ഷയിലെയും ആളുകള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയുമുണ്ടായി. എന്നാല്‍ അപകടം നടന്നിരിക്കെ അതിന്‍റെ വേദനയുമായെത്തിയാണ് യുവതി കാര്‍ ഡ്രൈവറെ കൈകാര്യം ചെയ്‌തത്. തന്‍റെ കാലില്‍ കിടന്ന ചെരുപ്പ് ഉപയോഗിച്ച് തല്ലിക്കൊണ്ടായിരുന്നു യുവതി മദ്യപിച്ചെത്തിയ ഡ്രൈവറെ നല്ലപാഠം പഠിപ്പിച്ചത്. ഈ സമയം പൊലീസെത്തി ഡ്രൈവറെയും വാഹനത്തെയും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.