അട്ടപ്പാടിയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു; സംഭവം ആശുപത്രി യാത്രക്കിടെ - ആദിവാസി യുവതി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-17984915-thumbnail-4x3-jeep.jpg)
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതി ആശുപത്രി യാത്രക്കിടെ ജീപ്പിൽ പ്രസവിച്ചു. സൈലന്‍റ് വാലി വനത്തിനോട് ചേർന്നുള്ള കരുവാര ഊരിലെ സൗമ്യ മരുതനാണ് ചൊവ്വാഴ്‌ച പുലർച്ചെ മൂന്നരക്ക് വാഹനത്തില്‍ പ്രസവിച്ചത്. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഇന്ദിര നല്‍കിയ വിവരത്തെ തുടര്‍ന്നാണ് വാഹനവുമായി ഡ്രൈവര്‍ ഒഎസ് മനാഫ് ഊരിലെത്തിയത്. പ്രസവ വേദനയിൽ പിടയുന്ന സൗമ്യക്കൊപ്പം ഭർത്താവും അമ്മയും ജീപ്പിൽ ഉണ്ടായിരുന്നു. സൗമ്യ ഗർഭിണിയായത് മുതൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടുന്നത്.
മണ്ണാർക്കാട് ആശുപത്രിയിലേക്കായി ചുരമിറങ്ങി പോകവെ 10-ാം വളവിന് സമീപത്തുവച്ച് പ്രസവവേദന കൂടിയതോടെ വാഹനം നിർത്തുകയും ശേഷം പെൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. കുഞ്ഞിന് 2.900 തൂക്കമുണ്ട്. ഇതിനുശേഷം ഈ ജീപ്പിൽ തന്നെ സൗമ്യയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെയും കുട്ടിയുടെയും ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ പറഞ്ഞു.
ജീപ്പ് ഡ്രൈവറായ മനാഫിന്‍റെ രണ്ടാമത്തെ അനുഭവമാണിത്. ഒന്നര വർഷം മുൻപ് മുരുഗളയിൽ നിന്ന് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് നന്ദിനി സുരേഷ് എന്ന ആദിവാസി ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോകവെ താവളത്തുവച്ചാണ് സമാനമായ സംഭവമുണ്ടായത്. ഈ പെൺകുഞ്ഞും ആരോഗ്യത്തോടെ മുരുഗള ഊരിലുണ്ട്. അട്ടപ്പാടിയിലെ സൈലന്‍റ് വാലി വനമേഖലയോട് ചേർന്നുള്ള വിദൂര ഊരിലെ ആദിവാസികൾ ആശുപത്രി ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് മനാഫിനെയാണ്.