അരിക്കൊമ്പന്‍റെ സ്ഥലംമാറ്റത്തില്‍ ആശ്വസിക്കാറായില്ല, ഭീതി പരത്തി ചക്കക്കൊമ്പന്‍ ; റോഡരികില്‍ നിലയുറപ്പിച്ചിട്ട് 4 ദിവസം - മതികെട്ടാന്‍ ചോലയില്‍ ഭീതി പരത്തി ചക്കകൊമ്പന്‍

🎬 Watch Now: Feature Video

thumbnail

By

Published : May 3, 2023, 4:40 PM IST

Updated : May 3, 2023, 6:34 PM IST

ഇടുക്കി : ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ മാറ്റിയെങ്കിലും കാട്ടാന ഭീതിയൊഴിയാതെ മതികെട്ടാന്‍ ചോലയ്ക്ക് സമീപമുള്ളവര്‍. മേഖലയില്‍ ഭീതി പരത്തി വിഹരിക്കുകയാണ് ചക്കക്കൊമ്പന്‍. ഇന്നലെ വൈകുന്നേരം സിമന്‍റ് പാലത്തെ റോഡരികില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തില്‍ ഈ ആനയും ഉണ്ടായിരുന്നു.

അരിക്കൊമ്പനെ പെരിയാറിലേക്ക് മാറ്റിയതോടെ ജനവാസ മേഖലയിലെത്തി ആക്രമണം നടത്തുകയാണ് ചക്കക്കൊമ്പന്‍. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടിയ യൂക്കാലിത്തോട്ടത്തിലാണ് ചക്കക്കൊമ്പന്‍ അടങ്ങുന്ന സംഘം നിലയുറപ്പിച്ചിരിക്കുന്നത്. ഒരു പിടിയാനയും രണ്ട് കുട്ടിയാനകളുമാണ് ചക്കക്കൊമ്പനൊപ്പമുള്ളത്. 

യൂക്കാലിത്തോട്ടത്തില്‍ ഇവ തീറ്റ തേടുന്ന ദൃശ്യങ്ങള്‍ ഇടിവിയ്‌ക്ക് ലഭിച്ചു. മനുഷ്യര്‍ക്ക് നേരെ അതിവേഗം പാഞ്ഞടുക്കുന്ന ചക്കക്കൊമ്പനെ ഭയന്നാണ് വാഹന യാത്രികര്‍  ഈ റോഡിയൂടെ കടന്ന് പോകുന്നത്. കഴിഞ്ഞ നാല് ദിവസമായി, കൃത്യമായി പറഞ്ഞാല്‍ അരിക്കൊമ്പന്‍ ദൗത്യത്തിന് ശേഷം കാട്ടാനക്കൂട്ടം ഇവിടെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. 

അരിക്കൊമ്പന്‍ ദൗത്യത്തിന് രണ്ട് ദിവസം മുമ്പാണ് മദപ്പാടിലായ ചക്കക്കൊമ്പന്‍ ഈ കൂട്ടത്തിനൊപ്പമെത്തിയത്. ചക്കക്കൊമ്പന്‍ അടങ്ങുന്ന ഈ കാട്ടാനക്കൂട്ടം തന്നെയാണ് കഴിഞ്ഞ ദിവസം ചിന്നക്കനാലില്‍ ഷെഡ് തകര്‍ത്തത്. ചക്കക്കൊമ്പനെയും എത്രയും വേഗം പിടികൂടണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.

more read: 'ഭക്ഷണവും വെള്ളവും തേടി തിരികെ എത്താന്‍ സാധ്യത', അരിക്കൊമ്പനെ കൃത്യമായി നിരീക്ഷിക്കണമെന്ന് ഹൈക്കോടതി 

ചക്കക്കൊമ്പന്‍റെയും കാട്ടാനക്കൂട്ടത്തിന്‍റെയും ആക്രമണം: മെയ്‌ 1ന് പുലര്‍ച്ചെയായിരുന്നു ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ അടങ്ങുന്ന കാട്ടാനക്കൂട്ടമെത്തി ഷെഡ് തകര്‍ത്തത്. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപമുള്ള ഷെഡ് കാട്ടാന കൂട്ടം നശിപ്പിച്ചത്. ഇവിടെ ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.

അരിക്കൊമ്പന്‍ ഉണ്ടായിരിക്കെ തന്നെ ചക്കക്കൊമ്പന്‍  ജനവാസ മേഖലയിലെത്തി വ്യാപകമായി കൃഷിയും വീടുകളും നശിപ്പിച്ചിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് ചക്കക്കൊമ്പന്‍ തോണ്ടിമലയിലെത്തി വ്യാപകമായി ഏലം കൃഷി നശിപ്പിച്ചത്. ഇതിന് പിന്നാലെ മൂന്ന് ദിവസം മേഖലയില്‍ തുടരുകയും ചെയ്‌തിരുന്നു. 

ഏലം കൃഷി നശിപ്പിച്ചത് കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമുണ്ടാക്കി. ജില്ലയിലെ വിവിധ ജനവാസ മേഖലകളിലെത്തി അരിക്കൊമ്പന്‍ ആക്രമണം നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അരിക്കൊമ്പനെ മേഖലയില്‍ നിന്ന് നീക്കിയത്. 

അരിക്കൊമ്പനെ പെരിയാറിലേക്ക് മാറ്റിയതോടെ സമാധാനത്തോടെ അന്തിയുറങ്ങാമെന്ന് കരുതിയ ചിന്നക്കനാല്‍ നിവാസികള്‍ക്ക് അപ്രതീക്ഷിത ആക്രമണമാണ് ഇപ്പോള്‍ നേരിടേണ്ടി വരുന്നത്. അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുന്നതിനിടെ പ്രദേശവാസികള്‍, ചക്കക്കൊമ്പന്‍ കൂടുതല്‍ ആക്രമണക്കാരിയായി മാറാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. 

also read: പ്രസവത്തിനിടെ നവജാത ശിശുവിന്‍റെ കൈയ്‌ക്ക് പരിക്കേറ്റ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

കോളനി നിവാസികളുടെ അഭിപ്രായം ഏതാണ്ട് യാഥാര്‍ഥ്യമാകുന്നതായുള്ള വിവരങ്ങളാണിപ്പോള്‍ ചിന്നക്കനാലില്‍ നിന്ന് പുറത്തുവരുന്നത്. അരിക്കൊമ്പനെ മാറ്റിയതിന് പിന്നാലെ ചിന്നക്കനാലിന്‍റെ ഉറക്കം കെടുത്തി വിഹരിക്കുകയാണ് ചക്കക്കൊമ്പന്‍.

Last Updated : May 3, 2023, 6:34 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.