രാഹുൽ ഗാന്ധിയോട് പല വിയോജിപ്പുകളുമുണ്ട്, പക്ഷേ അയോഗ്യനാക്കിയതിനെ അംഗീകരിക്കുന്നില്ല : പി ഗഗാറിന്‍
🎬 Watch Now: Feature Video
വയനാട് : രാഹുൽ ഗാന്ധിയോട് പല വിയോജിപ്പുകളുമുണ്ടെങ്കിലും ഇപ്പോഴത്തെ നടപടി അംഗീകരിക്കുന്നില്ലെന്ന് സിപിഎം വയനാട് ജില്ല സെക്രട്ടറി പി ഗഗാറിൻ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ ജനാധിപത്യത്തിനുവേണ്ടിയുള്ള ശബ്‌ദങ്ങൾ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഏറ്റവും അപകടരമായ അവസ്ഥയാണിതെന്നും, ഇതേ അർഥത്തിൽ കാണാൻ കേരളത്തിലെ കോൺഗ്രസിന് കഴിയുന്നില്ലെന്നും,അവർ കേന്ദ്ര നീക്കങ്ങളെ പിന്തുണയ്ക്കുകയാണെന്നും ഗഗാറിൻ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ഇന്ന് ലോക്‌സഭ സെക്രട്ടറിയറ്റ് വിജ്ഞാപനമിറക്കുകയായിരുന്നു. മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസിനെ ആസ്‌പദമാക്കിയാണ് നടപടി. കോടതി ഉത്തരവ് പുറത്തുവന്ന ദിവസം(മാര്‍ച്ച് 23) മുതല്‍ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തില്‍ വന്നെന്ന് നടപടിയില്‍ വ്യക്തമാക്കുന്നു.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി, തുടങ്ങിയവരുടെ പേരുകള്‍ തമ്മിലുള്ള സാമ്യം പ്രകടമാക്കുന്നതിനായി നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. 'എല്ലാ കള്ളന്‍മാര്‍ക്കും പൊതുവായി മോദി എന്ന് പേരുള്ളത് എന്തുകൊണ്ടാണെന്ന്' ചോദിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.