മുദ്രാവാക്യം മുഴക്കി കോടതിക്ക് പുറത്തേക്ക്, ചന്ദ്രുവും ഉണ്ണിമായയും 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ - ഉണ്ണിമായ
🎬 Watch Now: Feature Video
Published : Nov 9, 2023, 11:53 AM IST
|Updated : Nov 9, 2023, 12:19 PM IST
വയനാട് : നവംബർ ഏഴിന് വയനാട്ടിലെ പേരിയയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പിടിയിലായ രണ്ട് മാവോയിസ്റ്റുകൾ പൊലീസ് കസ്റ്റഡിയില്‍. ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് വയനാട് കല്‍പ്പറ്റ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവരുമ്പോൾ ഇരുവരും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. വൻ പൊലീസ് സന്നാഹമാണ് കോടതിക്ക് മുന്നിലുണ്ടായിരുന്നത്. മാധ്യമങ്ങൾക്ക് മുന്നിലൂടെ പോകുമ്പോഴും ഇരുവരും ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചിരുന്നു. (Wayanad Maoist Chanrdu and Unnimaya). നവംബര്‍ ഏഴിന് രാത്രിയാണ് വയനാട് പേരിയ ചപ്പാരത്ത് വച്ച് പൊലീസ് മാവോയിസ്റ്റ് സംഘാംഗങ്ങളെ പിടികൂടിയത് (Wayanad Maoist attack). പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചപ്പാര കോളനിയില്‍ എത്തിയാണ് ഇവരെ പിടികൂടിയത്. മേഖലയില്‍ പൊലീസും മാവോ സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മൂന്ന് സ്‌ത്രീകളും ഒരു പുരുഷനും അടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് കോളനിയിലെ ഒരു വീട്ടിലെത്തിയത്. അവിടെ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച ശേഷം മടങ്ങാന്‍ തയാറെടുക്കവെ പൊലീസ് വളയുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതെ വന്നതോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ഉണ്ടായത്. പിന്നാലെ സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. അരമണിക്കൂര്‍ നീണ്ട വെടിവയ്‌പ്പാണ് ഇരു സംഘങ്ങളും തമ്മില്‍ നടന്നത് എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Also Read: പേരിയ ചപ്പാരത്ത് പൊലീസും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്‌റ്റുകൾ കസ്‌റ്റഡിയിൽ