Kasargod Rain| കാസര്‍കോട് ശക്തമായ മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു; കാൽനട -വാഹന യാത്ര ദുസ്സഹം - ദേശീയപാത നിർമാണം

🎬 Watch Now: Feature Video

thumbnail

By

Published : Jul 4, 2023, 12:30 PM IST

കാസർകോട്: ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. ദേശീയപാത നിർമാണം നടക്കുന്ന ഇടങ്ങളിൽ പലയിടത്തും ശക്തമായ മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇതോടെ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ്.

പ്രതിസന്ധി പരിഹരിക്കുവാൻ അടിയന്തര നിർദേശം ജില്ല കലക്‌ടര്‍ നൽകിയിട്ടുണ്ട്. ദേശീയപാത വഴിയുള്ള ഇരുചക്ര വാഹന യാത്ര പരമാവധി ഒഴിവാക്കേണ്ടതാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തുടർച്ചയായ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോരമേഖലയിലെ റോഡുകളിലൂടെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു.

ജില്ലയിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. മറ്റു അനിഷ്‌ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. തീരദേശമേഖലയിൽ കടലേറ്റവും രൂക്ഷമാണ്. 

അതേസമയം, ഇന്നലെ കനത്ത മഴയിലും കാറ്റിലും മരം വീണ് വിദ്യാർഥിനി മരിച്ചിരുന്നു. അംഗഡിമൊഗർ ജി എച്ച് എസ് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ (11) യാണ് മരിച്ചത്. സ്‌കൂൾ വിട്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി.

കനത്ത മഴയിൽ സ്‌കൂൾ ഗ്രൗണ്ടിനോട് ചേർന്നു നിന്ന മരമാണ് കടപുഴകി വീണത്. ജില്ലയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും ഇന്നു ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ നാളെയും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കാസർകോട് ജില്ലയ്‌ക്ക് നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.