ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ഫ്ലാഗ് ഓഫ്; കൊച്ചി കായല്‍പരപ്പുകളില്‍ വാട്ടര്‍മെട്രോ ഓടി തുടങ്ങി - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
എറണാകുളം: രാജ്യത്തെ ആദ്യ ജലമെട്രോ യാത്രയ്ക്ക് കൊച്ചിയിൽ തുടക്കമായി. കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയായ ജലമെട്രോ യാത്ര തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തതിനു പിന്നാലെ ഹൈക്കോർട്ട് ടെർമിനലിൽ മുഖ്യാതിഥിയായി പങ്കെടുത്ത വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്‌തതോടെ മൂന്ന് ബോട്ടുകളാണ് കൊച്ചിക്കായലിൽ യാത്രക്കാരുമായി സഞ്ചരിച്ചത്. ലോകത്തിലെ ഏറ്റവും വലുതും ആധുനികവുമായ ജലമെട്രോ സർവീസിനാണ് കൊച്ചിയിൽ തുടക്കം കുറിച്ചതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
ഫ്ലാഗ് ഓഫ് ചെയ്‌ത് വ്യവസായ മന്ത്രി: എല്ലാവരും ഒറ്റക്കെട്ടായി സന്തോഷിക്കുന്ന ദിവസം കൂടിയാണിത്. ഇത് കൊച്ചി മെട്രോയുടെ ഫീഡർ സർവീസ് ആയതിനാൽ ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാൻ കഴിയും. കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് നഗരത്തിൽ കുറഞ്ഞ ചെലവിൽ എത്തിച്ചേരാൻ കഴിയുന്ന സൗകര്യമാണ് ജലമെട്രോ സാധ്യമാക്കുന്നത്.
സ്ഥിര യാത്രക്കാർക്ക് അമ്പത് ശതമാനത്തോളം യാത്രനിരക്കിൽ ഇളവും വാട്ടർ മെട്രോ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലെ ദ്വീപ് സമൂഹത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യം ടൂറിസം മേഖലയിലും മുന്നേറ്റത്തിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. മെട്രോ റെയിലിനൊപ്പം ജല മെട്രോ സർവീസുമുള്ള രാജ്യത്തെ ഏക നഗരമായി കൊച്ചി മാറി.
കൊല്ലം, നീലേശ്വരം, അഴീക്കൽ എന്നീ പേരുകളിലുള്ള മൂന്നു ബോട്ടുകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചിക്കാർക്ക് പുത്തൻ യാത്രാനുഭവം നൽകിയത്. ആദ്യ യാത്രയിൽ ഒരു ബോട്ടിൽ യാത്ര ചെയ്‌തത് 10 ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ്. എറണാകുളത്തെ സെന്‍റര്‍ ഫോർ എംപവർമെന്‍റ് ആന്‍റ് എൻറിച്ച്മെന്‍റിലെ കുട്ടികളായിരുന്നു ഇവർ. എറണാകുളം ഹൈക്കോർട്ടിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങുകൾക്ക് ശേഷം മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി പി. രാജീവിനൊപ്പം മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എംഎൽഎമാരായ ടി.ജെ വിനോദ്, കെ.എൻ ഉണ്ണികൃഷ്‌ണൻ, കെ.ജെ മാക്‌സി, കെ.ബാബു, ആന്‍റണി ജോൺ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, ജില്ലാ കലക്‌ടര്‍ എൻ.എസ്.കെ ഉമേഷ്, തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഒരു ബോട്ടിലും യാത്ര ചെയ്‌തു.
കൊച്ചി മെട്രോ കോച്ചുകൾക്ക് സമാനമായ രീതിയിലാണ് വാട്ടർ മെട്രോ ബോട്ടുകളും നിർമിച്ചിരിക്കുന്നത്. പൂർണമായും ശീതികരിച്ച ബോട്ടിലിരുന്ന് കുറഞ്ഞ ചെലവിൽ കായൽക്കാഴ്ച്ചകൾ കണ്ടുള്ള യാത്ര ആരെയും മോഹിപ്പിക്കുന്നതാണ്. ഗതാഗതക്കുരുക്കിന്‍റെ ബുദ്ധിമുട്ടുകളില്ലാതെ വെയിലും മഴയും പൊടിയുമേല്‍ക്കാതെ, ശാന്തമായി യാത്ര ചെയ്യാനുള്ള അവസരമാണ് വാട്ടർ മെട്രോ നൽകുന്നത്.
സര്‍വീസ് നാളെ മുതല്‍: നാളെ മുതൽ പൊതുജനങ്ങൾക്ക് ജലമെട്രോയിൽ സഞ്ചരിക്കാനാകും. ഹെെക്കോർട്ട് ടെർമിനലിൽനിന്ന് വെെപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്. വെെറ്റില–കാക്കനാട് റൂട്ടിലുള്ള സർവീസ് ഏപ്രിൽ 27 വ്യാഴാഴ്‌ച മുതൽ ആരംഭിക്കും.
ആദ്യഘട്ടത്തിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ് സർവീസ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ഹെെക്കോർട്ട്–വെെപ്പിൻ റൂട്ടിൽ സർവീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ച് സമയം നിജപ്പെടുത്തും.
ജലമെട്രോയുടെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ്. ഹൈക്കോർട്ട്–വൈപ്പിൻ റൂട്ടിൽ 20 രൂപയും വൈറ്റില–കാക്കനാട് റൂട്ടിൽ 30 രൂപയുമാണ് നിരക്ക്. ആഴ്‌ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറുമുള്ള പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
10 ദ്വീപുകളെ ബന്ധിപ്പിച്ച് 38 ടെർമിനലുകളിലായി 76 കിലോമീറ്റർ ദൈർഘ്യത്തിലാണ് കൊച്ചി ജലമെട്രോ യാഥാർഥ്യമാകുന്നത്. 1136.83 കോടി രൂപ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്. പരിസ്ഥിതി സൗഹൃദമാണ് ജലമെട്രോ.
ബാറ്ററിയിലും ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടാണിത്. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല ആരംഭിക്കുന്നത്. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഈ ബോട്ടുകളിൽ ഉപയോഗിക്കുന്നത്.
ഫാസ്‌റ്റ് ചാര്‍ജിങ് സിസ്‌റ്റം: 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. എട്ട് നോട്ട് ആണ് ബോട്ടിന്‍റെ വേഗത.
പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. വാട്ടർ മെട്രോയിൽ ഫ്‌ളോട്ടിങ് ജെട്ടികളായതിനാല്‍ ബോട്ടും ജെട്ടിയും എപ്പോഴും ഒരേനിരപ്പിലായിരിക്കും. അതിനാല്‍ ഏറ്റവും സുരക്ഷിതമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വരെ കയറുകയും ഇറങ്ങുകയും ചെയ്യാം.
കായല്‍പരപ്പിലൂടെ വേഗത്തില്‍ പോകുമ്പോഴും ഓളം ഉണ്ടാക്കുന്നത് പരമാവധി കുറയ്ക്കുന്ന രീതിയിലാണ് ബോട്ടിന്‍റെ നിർമാണം. ബോട്ട് ജെട്ടികളിലെ ഓപ്പറേറ്റിങ് കണ്‍ട്രോള്‍ സെന്‍ററില്‍ നിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിന്‍റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. രാത്രി യാത്രയില്‍ ബോട്ട് ഓപ്പറേറ്റര്‍ക്ക് സഹായമാകുന്നതിന് തെര്‍മല്‍ കാമറയും സജ്ജീകരിച്ചിട്ടുണ്ട്.
ബോട്ടിന് ചുറ്റുമുള്ള കാഴ്‌ചകള്‍ ഓപ്പറേറ്റര്‍ക്ക് കാണുവാന്‍ കഴിയും. ബോട്ടുകളില്‍ റഡാര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബാറ്ററി മോഡിൽ എട്ട് നോട്ടും ഹൈബ്രിഡ് മോഡിൽ 10 നോട്ടും ആണ് ബോട്ടിന്‍റെ വേഗത.
പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. പാസഞ്ചര്‍ കൗണ്ടിങ് സിസ്‌റ്റം ഉപയോഗിച്ചാണ് ബോട്ടുകളിൽ പ്രവേശനം. പരിധിയിൽ കൂടുതൽ യാത്രക്കാർക്ക് കയറാൻ കഴിയില്ലെന്ന് സാരം.
അപകടങ്ങള്‍ തടയാന്‍ വിപുലമായ സംവിധാനം: ഇത്തരത്തിൽ അപകടങ്ങൾ തടയാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ 100 പേർക്ക് യാത്ര ചെയ്യാവുന്ന ഒന്‍പത് ബോട്ടുകളാണ് കൊച്ചിൻ ഷിപ്പ് യാർഡ് നിർമിച്ചു നൽകിയിരിക്കുന്നത്. 50 പേർക്ക് കയറാവുന്ന ബോട്ടുകളും ഉണ്ടാകും.
അമ്മമാർക്കായുള്ള ഫീഡർ റൂമുകളുൾപെടെ സൗകര്യവും ബോട്ടുകളിലുണ്ട്. ഭിന്നശേഷി സൗഹൃദ ഫ്ലോട്ടിംഗ് ജെട്ടികളായതിനാൽ വേലിയേറ്റ-വേലിയിറക്കം ബാധിക്കില്ല.