ഐസ്‌ക്രീം പ്ലാന്‍റ് മാലിന്യം കിണറുകളില്‍; കുടിവെള്ളം മുട്ടി പ്രദേശവാസികള്‍

By

Published : Apr 27, 2023, 7:48 PM IST

thumbnail

കോട്ടയം: കിണറുകളിലെ ജലം മലിനമായതിനെ തുടർന്ന് ദുരിതത്തിലാണ് കുറിച്ചി എണ്ണയ്ക്കാച്ചിറയിലെ ജനങ്ങള്‍. കുറിച്ചി മന്ദിരം കോളനി റോഡിലെ ഐസ്ക്രീം പ്ലാന്‍റാണ് മലിനീകരണത്തിന് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

2005ലാണ് ഐസ്‌ക്രീം പ്ലാന്‍റ് ഇവിടെ പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യകാലത്ത് ചെറിയ തോതിലുള്ള പ്രവർത്തനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, 2018 മുതലാണ് പ്ലാന്‍റിന് സമീപത്തെ വീടുകളിലെ കിണറുകൾ മലിനമാകാൻ തുടങ്ങിയത്. പ്ലാന്‍റില്‍ നിന്നും പുറത്തുവിടുന്ന മലിനജലം കലർന്നാണ് കിണറുകളിലെ ജലം ഉപയോഗ യോഗ്യമല്ലാതായതെന്നാണ് നാട്ടുകാരുടെ പരാതി.

350 വീടുകളുള്ള ഈ ഭാഗത്ത്, 15 കിണറുകളിലേക്കാണ് പ്ലാന്‍റില്‍ നിന്ന് മലിനജലം ഒലിച്ചിറങ്ങുന്നത്. ഇതോടെ ഇരുണ്ട നിറത്തിൽ ദുർഗന്ധം വമിക്കുന്ന നിലയിലാണ് നിലവില്‍ കിണറുകളിലെ ജലം. ജനകീയ സമിതി മുൻകൈയെടുത്ത് തിരുവനന്തപുരത്തെ ലാബിൽ നടത്തിയ ജല പരിശോധനയിൽ കിണറ്റിലെ വെള്ളത്തിൽ അമോണിയം, കോളിഫോം ബാക്‌ടീരിയ എന്നിവ അപകടകരമായ അളവിൽ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തി.

ഐസ്‌ക്രീം പ്ലാന്‍റിൽ മലിന ജലം സംസ്‌കരണ സംവിധാനമുണ്ടെന്നാണ് കമ്പനി ഉടമസ്ഥൻ അവകാശപ്പെടുന്നത്. എന്നാല്‍ പഞ്ചായത്ത് രേഖകളിൽ ഫാക്‌ടറിയിൽ മലിനജല സംസ്‌കരണ പ്ലാന്‍റ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. രാത്രിയിൽ മലിനജലം പറമ്പിലേക്ക് ഒഴുക്കിവിടുകയാണെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല ഈ കനത്ത വേനൽക്കാലത്തും കിണറ്റിൽ വെളളമുണ്ടെങ്കിലും ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇവര്‍ പറയുന്നു. പ്ലാന്‍റിന് സമീപത്ത് താമസിക്കുന്ന മുളയ്ക്കാചിറ സജിയുടെ കിണറാണ് അഞ്ച് വർഷങ്ങൾക്ക് മുൻപ് ആദ്യമായി മലിനമായത്. പലതവണ വൃത്തിയാക്കിയെങ്കിലും വെള്ളം വൃത്തിയായില്ല. തുടര്‍ന്ന് പതുക്കെ സമീപത്തെ കിണറുകൾ സമാനമായി മലിനമായപ്പോഴാണ് പ്ലാന്‍റിലെ മലിനജലം അരിച്ചിറങ്ങുന്നതായി കണ്ടെത്തിയത്.

നിലവില്‍ ആഴ്‌ചതോറും  1,000 രൂപ വീതം രണ്ടുതവണ നൽകിയാണ് പ്രദേശവാസികൾ കുടിവെളളം എത്തിക്കുന്നത്. പ്രായമായവരും കിടപ്പുരോഗികളും താമസിക്കുന്ന വീടുകളിൽ സമീപത്തുളളവർ വെള്ളം എത്തിക്കും. പ്ലാന്‍റ് ഇവിടെ നിന്ന് മാറ്റണമെന്ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ല കലക്‌ടർ എന്നിവര്‍ക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. മാർച്ചിൽ പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നൽകിയിട്ടും പ്ലാന്‍റ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന പ്രദേശവാസികൾക്ക് വെള്ളം ലഭ്യമാക്കണമെന്നും നഷ്‌ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നിലവില്‍ രാപ്പകൽ സമരം നടത്തുകയാണ്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.