Waste treatment plants| മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ വേണ്ടെന്ന നിലപാട് മാറ്റണം, മാലിന്യ കൂമ്പാരത്തിന് മുകളിലാണ് കേരളമെന്ന് മുഖ്യമന്ത്രി

🎬 Watch Now: Feature Video

thumbnail

തിരുവനന്തപുരം : മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ വേണ്ടെന്ന നിലപാട് സ്വീകരിക്കാൻ ആരും തയ്യാറാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്‌കരണം നല്ല രീതിയിൽ വിജയിപ്പിച്ചെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാ പ്രദേശങ്ങളിലും ഇതാണ് സ്ഥിതി എന്ന് പറയാനാകില്ല. മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം സ്ഥിരമായി ഉണ്ടാവുകയാണ്. നമ്മുടെ ജലാശയങ്ങൾ മാലിന്യ മുക്തമാക്കാനുള്ള ഇടപെടൽ അനിവാര്യമാണ്. നിലവിൽ മനുഷ്യ വിസർജ്യമടക്കം ജലാശയങ്ങളിൽ കലരുകയാണ്. ഈ സ്ഥിതിയിൽ മുന്നോട്ടു പോകാൻ കഴിയില്ല. ജലസ്രോതസുകൾ മലിനമാകുന്നത് കുടിവെള്ള ക്ഷാമം ഉണ്ടാക്കും. എപ്പോഴും പണം നൽകി കുപ്പി വെള്ളം വാങ്ങി കുടിക്കുക എന്നത് സാധ്യമായ കാര്യമല്ല. ഇതിന് ആവശ്യം കൃത്യമായ മാലിന്യ സംസ്‌കരണമാണ്. പല സ്ഥലത്തും വീടുകളിൽ നിന്നും നീക്കം ചെയ്യുന്ന കക്കൂസ് മാലിന്യങ്ങൾ ജലാശയത്തിൽ തള്ളുകയാണ്. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് സാമൂഹ്യദ്രോഹ പ്രവൃത്തിയാണ്. ഇതിന് അവസാനം വരാൻ കക്കൂസ് മാലിന്യ സംസ്‌കരണ കേന്ദ്രം പ്രധാനമാണ്. എന്നാൽ ചിലർ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെ എതിർക്കുകയാണ്. ഇതിൽ മാറ്റം വരണം. കേരളം ഇപ്പോൾ മാലിന്യ കൂമ്പാരത്തിൽ ആണെന്ന് എല്ലാവരും ഓർമിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യുവജന പ്രതിനിധികളുടെ സംഗമം പരിശീലന പരിപാടിയുടെ സമാപനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് വളർന്നുവരുന്ന മയക്കുമരുന്ന് മാഫിയയിൽ തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണം. എങ്ങനെ ആളുകളിലേക്ക് മയക്കുമരുന്ന് എത്തിക്കാം എന്നാണ് ഇത്തരം മാഫിയകൾ നോക്കുന്നത്. ഇതിനായി കുട്ടികളെ ലക്ഷ്യമിടുന്നുണ്ട്. ഇക്കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.