'ഈ രീതി ഗുണകരമല്ല, സമ്പ്രദായം ശരിയല്ല'; യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെതിരെ വിഎം സുധീരന്‍ - latest news in kerala
🎬 Watch Now: Feature Video
Published : Nov 21, 2023, 5:25 PM IST
കോട്ടയം: യൂത്ത് കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇത് യൂത്ത് കോണ്‍ഗ്രസിന് ഗുണകരമല്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഎം സുധീരന്‍. കോൺഗ്രസിൽ നേരത്തെ രണ്ടു ഗ്രൂപ്പായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ചു ഗ്രൂപ്പായി. നേരത്തെയുണ്ടായിരുന്ന രണ്ട് ഗ്രൂപ്പ് തന്നെ ഒഴിവാക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. മെമ്പര്‍ഷിപ്പ് നല്‍കിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. മനുഷ്യനുമായി ബന്ധപ്പെടാത്ത തരത്തിലുള്ള സിസ്റ്റമാണ് നിലവിലുള്ളത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളിയാണ് വിഎം സുധീരന്‍റെ വിമര്‍ശനം. നിലവിലുള്ള സിസ്റ്റത്തില്‍ നിന്നൊരു മോചനം വേണം. ഈ സിസ്റ്റം തന്നെ പ്രശ്‌നമാണെന്നും ഇതില്‍ നിന്നും മാറ്റം ഉണ്ടായെ മതിയാകൂവെന്നും വിഎം സുധീരന്‍ പറഞ്ഞു. ഈ സിസ്റ്റത്തിന്‍റെ പ്രത്യഘാതങ്ങളാണ് ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. മെറിറ്റ് അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ സര്‍വതലത്തിലും തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത്തരമൊരു സിസ്റ്റത്തിലേക്ക് നീങ്ങുന്നില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ച് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാറിന് വിമര്‍ശനം: ആഭ്യന്തര വകുപ്പ് പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള സാമാന്യ അവകാശങ്ങളെ നിഷേധിക്കുന്നു. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നു. ഇതെല്ലാം സിപി ശൈലിയാണ്. ഒരു ഫാസിസ്റ്റ് ശൈലിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മ്യൂണിസം കൈവിട്ട് ഫാസിസം ഒരു ശൈലിയായി അംഗീകരിച്ചിരിക്കുകയാണെന്നും വിഎം സുധീരന്‍ കുറ്റപ്പെടുത്തി.