'ഉദ് ഗയാ, പൂരാ ഉദ് ഗയാ'; ദന്തേവാഡ മാവോയിസ്‌റ്റ് ആക്രമണത്തിന്‍റെ വീഡിയോ പുറത്ത് - ദന്തേവാഡ നക്‌സൽ ആക്രമണം

🎬 Watch Now: Feature Video

thumbnail

By

Published : Apr 27, 2023, 8:50 PM IST

ദന്തേവാഡ: ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ 10 പൊലീസുകാരേയും ഔദ്യോഗിക വാഹനത്തിന്‍റെ ഡ്രൈവറേയും കൊലപ്പെടുത്തിയ മാവോയിസ്‌റ്റ് ആക്രമണത്തിന് തൊട്ടടുത്ത നിമിഷം ഷൂട്ട് ചെയ്‌ത വീഡിയോ പുറത്ത്. വീഡിയോയുടെ ഉറവിടം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഡിസ്ട്രിക്‌ട് റിസർവ് ഗാർഡ് (ഡിആർജി) ജവാൻ ആണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് കരുതുന്നത്. 

വീഡിയോയിൽ വാഹനം മുഴുവൻ പൊട്ടിത്തെറിച്ചുവെന്ന അർത്ഥത്തിൽ 'ഉദ് ഗയാ, പൂരാ ഉദ് ഗയാ' എന്ന് വിളിച്ചുപറയുന്നത് കേൾക്കാം. സ്‌ഫോടനത്തിന് ശേഷമുള്ള പുക കാരണം ദൃശ്യങ്ങൾ വ്യക്തമല്ല. വെടിയൊച്ചകൾക്കിടയിൽ ഒരു ജവാന്‍റെ ശവശരീരവും കാണാൻ സാധിക്കും. 

സ്ഫോടനത്തെത്തുടർന്ന് വഴിയിൽ രൂപപ്പെട്ട ഗർത്തത്തിന് മുകളിൽ ഒരു ഇലക്ട്രിക് കേബിൾ കിടക്കുന്നതായി കാണാം. പൊട്ടിത്തെറിക്ക് ശേഷം ഏകദേശം 10 അടി താഴ്‌ച്ചയുള്ള ഒരു ഗർത്തവും വഴിയിൽ രൂപപ്പെട്ടിട്ടുണ്ട്. വീഡിയോയുടെ അവസാനം ക്യാമറ മുകളിലേക്ക് തിരിയുമ്പോൾ വെടിയൊച്ചയുടെ ശബ്‌ദവും കേൾക്കാൻ സാധിക്കും.

ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ ബുധനാഴ്‌ച മാവോയിസ്‌റ്റുകൾ നടത്തിയ ഇംപ്രൊവൈസ്‌ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്ഫോടനത്തിൽ 10 ഡിആർജി ഉദ്യോഗസ്ഥരും ഒരു സിവിലിയൻ ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. പൊലീസുകാർ വാടകയ്‌ക്ക് എടുത്ത മിനി ഗുഡ്‌സ് വാൻ മാവോയിസ്‌റ്റുകൾ തകർക്കുകയായിരുന്നു. 

മാവോയിസ്‌റ്റ് സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അരൻപൂരിലേക്ക് പോയതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. സംസ്ഥാന തലസ്ഥാനമായ റായ്‌പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. സംഭവത്തിൽ കഠിന നടപടികൾ ഉണ്ടാകുമെന്ന് അറിയിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ രംഗത്ത് വന്നിരുന്നു. അരൻപൂരിൽ മാവോയിസ്‌റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ച സംഭവസ്ഥലത്തെത്തി പ്രത്യേക അന്വേഷണ സംഘം പരിശോധനക്ക് ശേഷം മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.