Vigilance Raid On Beverage Outlets ബീവറേജസ് ഔട്ട്‌ലെറ്റുകളിൽ വിജിലൻസ് റെയ്‌ഡ് : വ്യാപക ക്രമക്കേടുകൾ കണ്ടെത്തി - ബീവറേജസ് ഔട്ട്‌ലെറ്റുകളിൽ ക്രമക്കേട്
🎬 Watch Now: Feature Video
Published : Oct 1, 2023, 10:59 PM IST
തിരുവനന്തപുരം : സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകളിൽ (Beverage Outlets) നടന്ന വിജിലൻസ് പരിശോധനയിൽ (Vigilance Raid) വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. മദ്യ കമ്പനിയുടെ ഏജന്‍റുമാരിൽ നിന്നും പണം വാങ്ങി പ്രത്യേക ബ്രാന്‍റുകൾ അടിച്ചേൽപ്പിക്കുക, മദ്യക്കുപ്പി പൊട്ടിയതായി രേഖപ്പെടുത്തി ബില്ല് നൽകാതെ വിൽക്കുക, മദ്യം പൊതിഞ്ഞു നൽകുന്ന കടലാസ് വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം കൈപ്പറ്റുക എന്നിങ്ങനെയുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഓപ്പറേഷൻ 'മൂൺലൈറ്റ്' (Moonlight) എന്ന പേരിൽ സംസ്ഥാന വ്യാപകമായി മൊത്തം 78 ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കാസർകോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് ചില പ്രത്യേക ബ്രാന്‍റുകൾ കൂടുതലായി വിറ്റഴിക്കപ്പെട്ടതായി കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിൽ - 11, എറണാകുളം - 10, കോഴിക്കോട് - 6, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ അഞ്ച് വീതവും തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ നാല് വീതവും ബിവറേജസ് കോർപറേഷന്‍റെ ഔട്ട്‌ലെറ്റുകളിലാണ് പരിശോധന നടത്തിയത്. എല്ലാ ഔട്ട്‌ലെറ്റുകളിലും കൗണ്ടറിലെ തുകയും മദ്യം വിറ്റ തുകയും തമ്മിൽ പൊരുത്തക്കേടുകൾ വിജിലൻസ് കണ്ടെത്തി. മദ്യത്തിന്‍റെ സ്റ്റോക്ക് വിവരം പല ഔട്ട്‌ലെറ്റുകളിൽ പ്രദർശിപ്പിച്ചിട്ടില്ല. ഭൂരിഭാഗം ഔട്ട്‌ലെറ്റുകളിലും മദ്യം പൊതിഞ്ഞു നൽകുന്നില്ല. ചില ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ ഷോപ്പ് മാനേജർമാർ അനുമതി ഇല്ലാതെ സ്വന്തം നിലയിൽ താത്‌കാലിക നിയമനവും നടത്തിയതായി വിജിലൻസ് കണ്ടെത്തി. എറണാകുളം ഇടുക്കി ജില്ലകളിൽ രണ്ടുപേർ വീതവും കണ്ണൂർ പാലക്കാട് ജില്ലകളിൽ ഓരോ ആൾ വീതവും ഇത്തരത്തിൽ അനുമതിയില്ലാത്ത നിയമനത്തിൽ ജോലി ചെയ്യുന്നതായി വിജിലൻസിന്‍റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും വിജിലൻസിന്‍റെ പരിശോധന തുടരും. ഇന്നത്തെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.