കടയുടെ വാതിൽ തകർക്കാൻ കരടിയുടെ ശ്രമം ; സംഭവം നീലഗിരിയിലെ കൂനൂരിൽ - കടയുടെ വാതിൽ തകർക്കാൻ കരടിയുടെ ശ്രമം
🎬 Watch Now: Feature Video
നീലഗിരി : സമീപകാലത്തായി തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിലും പരിസര പ്രദേശങ്ങളിലും കരടികളുടെ ശല്യം വർധിച്ചിരിക്കുകയാണ്. ജനവാസ മേഖലകളിൽ കരടികൾ സ്വൈര്യവിഹാരം നടത്തുന്നതിനാൽ ആളുകൾ ഭീതിയിലാണ്. ഇതിനിടെ കൂനൂരിലെ വെല്ലിങ്‌ടൺ പൊലീസ് സ്റ്റേഷന് മുന്നിലുള്ള പലചരക്ക് കടയിൽ കരടിയെത്തുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഏപ്രിൽ 10 ന് രാത്രിയാണ് കരടി കടയിലെത്തിയത്.
കടയുടെ വാതിൽ തകർക്കാൻ കരടി ഏറെ നേരം ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പൂട്ട് പൊളിക്കാനായി കരടി മനുഷ്യരെപ്പോലെ രണ്ട് കാലിൽ എഴുന്നേറ്റ് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം ആ പ്രദേശത്തുകൂടി കടന്നുപോയവരാണ് കരടിയുടെ ദൃശ്യങ്ങൾ പകർത്തുകയും സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തത്. കഠിന പരിശ്രമം നടത്തിയിട്ടും കടയുടെ പൂട്ട് തകർക്കാൻ കരടിക്ക് കഴിഞ്ഞില്ല.
അതിനിടെ ജനവാസ മേഖലകളിൽ വിഹരിക്കുന്ന കരടികളെ വനത്തിലേക്ക് തുരത്തുകയോ കൂട് വച്ച് പിടികൂടി മുതുമല വനത്തിൽ വിടുകയോ ചെയ്യണമെന്ന് പ്രദേശവാസികൾ വനം വകുപ്പിനോട് അഭ്യർഥിച്ചിട്ടുണ്ട്. കോത്തഗിരി മേഖലയിൽ വിഹരിച്ചിരുന്ന കരടികളെ ഇതിനോടകം തന്നെ കൂടുവച്ച് പിടികൂടി മുതുമല വനമേഖലയിൽ തുറന്നുവിട്ടിട്ടുണ്ട്.