VFPCK Launched Onam Outlets : ഓണം കെങ്കേമമാക്കാന്‍ പള്ളിക്കൽ വിപണി, സമൃദ്ധിയുടെ നിറക്കാഴ്‌ച - കേരളം
🎬 Watch Now: Feature Video
പത്തനംതിട്ട : വിളവെടുപ്പിന് പാകമായ ഹരിതാഭ നിറയുന്ന കൃഷിയിടങ്ങൾ കർഷകരുടെ ഓണ സ്വപ്‌നങ്ങളെ ധന്യമാക്കും. പഴങ്ങളും,പച്ചക്കറികളും മുതൽ കുടംപുളിയും പഴുക്കടയ്ക്കയും വരെ ഓണ വിപണികളിൽ കച്ചവടത്തിനായി നിരക്കും. ഈ കാഴ്‌ച ശരിക്കും ഓണപ്പൂക്കളം പോലെ സമൃദ്ധിയുടെ കണിയാണ്. ഓണത്തിന് കലവറ നിറയ്ക്കാൻ ഏത്തയ്‌ക്ക മുതൽ ചേമ്പും ചേനയും വരെയുള്ള കാർഷിക വിഭവങ്ങളുമായി പത്തനംതിട്ടയിലും വിപണികൾ സജീവമാവുകയാണ്. 1500ഓളം കർഷകർ വിഭവങ്ങൾ എത്തിച്ച് കച്ചവടം നടത്തുന്ന വിഎഫ്‌പിസികെ (vfpck) യുടെ പള്ളിക്കൽ സ്വാശ്രയ കാർഷിക വിപണി സര്‍വ സജ്ജമാണ്. വ്യാപാരികൾക്ക് പഴം പച്ചക്കറികൾ ഉൾപ്പടെ എല്ലാ ഇനങ്ങളും ഒരിടത്തുനിന്നും വാങ്ങാൻ കഴിയും എന്നതാണ് സവിശേഷത. കഴിഞ്ഞ വർഷം വിഎഫ്‌പിസികെ ജില്ലയിൽ 6000 ടണ്ണോളം പഴം, പച്ചക്കറി വിഭവങ്ങൾ വിറ്റഴിച്ചു. ഇതിൽ പള്ളിക്കൽ വിപണിയിൽ മാത്രം 350 ടണ്ണോളം കച്ചവടമാണ് നടന്നത്. ഈ വർഷവും മികച്ച കച്ചവടം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വന്യജീവി ശല്യവും കാലാവസ്ഥ വ്യതിയാനവും കൃഷിയെ സാരമായി ബാധിച്ചതായി കർഷകർ പറയുന്നു. ജില്ലയിൽ വിഎഫ്‌പിസികെയുടെ 19 വിപണികൾ പ്രവർത്തിക്കുന്നുണ്ടെന്നും 15 എണ്ണം ഓഗസ്റ്റ് 25 മുതൽ 28 വരെ ഓണം മുന്‍നിര്‍ത്തിയാണെന്നും ജില്ല ഡെപ്യൂട്ടി മാനേജർ മനോജ് പുന്നൻ പറഞ്ഞു. പത്തനംതിട്ടയ്ക്ക് പുറമെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കർഷകരും പള്ളിക്കൽ വിപണിയിൽ വിഭവങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കും. പഞ്ചായത്തിലെ വനിത ഗ്രൂപ്പുകൾ ഉൾപ്പടെ 29 കർഷക സംഘങ്ങളാണ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്. കർഷകർ എത്തിക്കുന്ന പച്ചക്കറികൾ ഉൾപ്പടെയുള്ളവ തൂക്കം നോക്കി മികച്ച വില ഉറപ്പാക്കി ലേലം വിളിച്ചാണ് കച്ചവടം നടത്തുക. പച്ചക്കറി ഉൾപ്പടെ നാടൻ സാധനങ്ങൾ ലഭിക്കുമെന്നതിനാൽ മറ്റ് ജില്ലകളിൽ നിന്നുൾപ്പടെയുള്ളവർ പള്ളിക്കൽ വിപണിയിൽ എത്തും. പ്രാദേശിക കച്ചവടക്കാരും വൻകിട കച്ചവടക്കാരും വരാറുണ്ട്. അതുകൊണ്ടുതന്നെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാകും. ഇടനിലക്കാർ ഇല്ലാത്തതിനാൽ കർഷകർക്ക് മികച്ച വില ലഭിക്കുന്നുവെന്നും കഴിഞ്ഞ വർഷം 1.25 കോടി രൂപയുടെ വിറ്റുവരവ് നേടിയതായും വിപണി പ്രസിഡന്‍റ് ഫ്രാൻസിസ് തെങ്ങിനാൽ പറഞ്ഞു. 2006 ൽ ആണ് പള്ളിക്കൽ വിപണി ആരംഭിച്ചത്. സാധാരണഗതിയില്‍ ആഴ്‌ചയിൽ രണ്ട് ദിവസമാണ് പ്രവര്‍ത്തിക്കുക.