Veterinary Hospital Employee Fired: 'ജോലിക്ക് അപേക്ഷിച്ചിട്ടില്ല, വ്യാജരേഖ ചമച്ച് തട്ടിപ്പ്'; സതിയമ്മയ്‌ക്കെതിരെ പരാതിയുമായി ലിജി മോൾ - CPM
🎬 Watch Now: Feature Video
Published : Aug 23, 2023, 5:59 PM IST
കോട്ടയം: സതിയമ്മയ്‌ക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് (District Police Superintend) പരാതി നൽകി കെ.സി ലിജി മോൾ. വ്യാജരേഖ ചമച്ച് സതിയമ്മ ജോലി നേടിയെന്നാണ് ലിജി മോളുടെ പരാതി. എന്നാല്‍ ലിജിമോളുടെ അറിവോടെയും സമ്മതത്തോടെയുമാണ് താന്‍ ജോലി ചെയ്‌തിരുന്നതെന്ന് സതിയമ്മ വ്യക്തമാക്കി. പുതുപ്പള്ളി പഞ്ചായത്തിലെ (Puthuppally Gram panchayat) കൈതേപ്പാലം മൃഗാശുപത്രിയിലെ (Veterinary Hospital at Kaithepalam) താത്‌കാലിക ജീവനക്കാരി പി.ഒ സതിയമ്മയെ കഴിഞ്ഞ ദിവസമാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഉമ്മൻ ചാണ്ടിയെ (Oommen Chandy) അനുകൂലിച്ച് ഒരു ദൃശ്യമാധ്യമത്തോട് സംസാരിച്ചതിന്‍റെ പേരിലായിരുന്നു നടപടി എന്നായിരുന്നു സതിയമ്മയുടെ ആരോപണം. വിഷയം യുഡിഎഫ് (UDF) ഏറ്റെടുത്തതോടെ സർക്കാരിനെതിരെ പ്രതിഷേധവും ശക്തമായി. മാത്രമല്ല സതിയമ്മയ്‌ക്ക് പിന്തുണയുമായി യുഡിഎഫ് നേതാക്കൾ രംഗത്തെത്തുകയും ചെയ്‌തു. കൂടാതെ ജോലി തിരികെ നൽകണമെന്നാവശ്യപ്പെട്ട് മ്യഗസംരക്ഷണ വകുപ്പിന്‍റെ ഓഫിസിന് മുൻപിൽ സതിയമ്മ സത്യഗ്രഹവും നടത്തി. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി കെ.സി ലിജി മോൾ രംഗത്തെത്തിയത്. തന്‍റെ ജോലി മറ്റൊരാൾ ചെയ്‌തത് അറിഞ്ഞില്ലെന്നാണ് ലിജി മോളുടെ പ്രതികരണം. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി മോള്‍ വ്യക്തമാക്കി. തൻ്റെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ നടപടി വേണമെന്നും ലിജിമോൾ ആവശ്യപ്പെട്ടു. അതേസമയം സിപിഎം (CPM) നേതൃത്വത്തിന്‍റെ പിന്തുണയോടെ ലിജിമോൾ പൊലീസിൽ പരാതി നൽകിയതോടെ സതിയമ്മയും കുടുംബവും സമ്മർദത്തിലായി.