യുവഡോക്‌ടറുടെ കൊലപാതകം: വന്ദനയെ സംരക്ഷിക്കാൻ ആരുമുണ്ടായില്ല, ഗുരുതരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ - വന്ദന കൊലപാതകത്തെ കുറിച്ച് വെള്ളാപ്പള്ളി
🎬 Watch Now: Feature Video
കോട്ടയം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ഡോക്‌ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഡോ. വന്ദന ദാസിന്‍റെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ഗുരുതരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.
സർക്കാർ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണം. വന്ദനയെ സംരക്ഷിക്കാൻ ആ സമയത്ത് ആരുമുണ്ടായില്ല എന്നത് സത്യമാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. ഡോക്‌ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം വന്നിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സുരക്ഷ ഓര്‍ഡിനൻസ് വരുന്നത് ആശ്വാസകരമാണ്. മുഖ്യമന്ത്രി അടിയന്തരമായി നടപടി എടുക്കുമെന്ന് തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ആക്രമണം ചികിത്സക്കിടെ : ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് ചികിത്സക്കെത്തിച്ചയാളുടെ കുത്തേറ്റ് ഡോക്‌ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം പൂയപ്പള്ളി സ്വദേശിയായ സന്ദീപാണ് ഡോക്‌ടർ വന്ദനയെ ആക്രമിച്ചത്. കാലില്‍ മുറിവേറ്റ് വൈദ്യ പരിശോധനയ്‌ക്കായാണ് ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ ഡോക്‌ടറെയും പൊലീസുകാരെയും സന്ദീപ് ആക്രമിക്കുകയായിരുന്നു.