'ഡോ. വന്ദനയുടെ വീട്ടില്‍ വീണ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ച്, ഇത് കഴുതക്കണ്ണീര്‍'; അധിക്ഷേപിച്ച് തിരുവഞ്ചൂര്‍
🎬 Watch Now: Feature Video
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്‍റെ വീട്ടിലെത്തിയ ശേഷം മന്ത്രി വീണ ജോർജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. കണ്ണിലേക്ക് കൈകൊണ്ടുതൊട്ട ശേഷമാണ് കരഞ്ഞതെന്ന് താൻ കണ്ടു. എന്തെങ്കിലും സങ്കടമുണ്ടായിരുന്നെങ്കില്‍ സ്വന്തം നിലപാട് തിരുത്തി പറയണമായിരുന്നെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
നിലപാട് തിരുത്തി പറയാതെ വന്ദനയുടെ മാതാപിതാക്കളുടെ മുന്നിൽ കരഞ്ഞുകാണിച്ചതുകൊണ്ട് കാര്യമുണ്ടോ. അതാണ് കഴുതക്കണ്ണീരെന്ന് പച്ചമലയാളത്തിൽ പറയുന്നത്. ഡോ. വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിസിസി കോട്ടയത്ത് നടത്തിയ എസ്‌പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ. മാർച്ചിൽ ആരോഗ്യ മന്ത്രിയെ നാണം കെട്ടവൾ എന്ന് വിളിച്ച് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷും അധിക്ഷേപിച്ചു.
ALSO READ | ഡോ. വന്ദനയുടെ കൊലപാതകം : ആരോഗ്യ പ്രവർത്തകരെ അനുനയിപ്പിക്കാൻ സർക്കാർ, ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി
പരിചയക്കുറവാണെന്ന് പറഞ്ഞ് അവഹേളിച്ച മന്ത്രി വീണ ജോർജിന് വന്ദനയുടെ മാതാപിതാക്കളെ കെട്ടിപിടിച്ച് കരയാൻ നാണമില്ലേയെന്ന് സുരേഷ് പ്രസംഗത്തിനിടെ ചോദിച്ചു. മന്ത്രി വിഎൻ വാസവനെയും സുരേഷ് പരിഹസിച്ചു. മന്ത്രി വിഎൻ വാസവന്‍റെ ഫ്ലെക്‌സ് ബോര്‍ഡില്‍ സമരക്കാർ ചെരിപ്പുമാലയിട്ടു. തുടർന്ന് ഫ്ലെക്‌സ് ബോര്‍ഡ് കത്തിച്ച് പ്രതിഷേധിച്ചു. ജില്ല മഹിള കോൺഗ്രസ് പ്രവർത്തകർ ചേർന്ന് മെഴുകുതിരി തെളിയിച്ച് വന്ദനയ്ക്ക് ആദരാഞ്‌ജലി അർപ്പിച്ചു. കെപിസിസി അംഗം ഡോ. പിആര്‍ സോന, ഡിസി ഭാരവാഹി അഡ്വ. ഫില്‍സണ്‍ മാത്യൂസ്, മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ബെറ്റി ടോജോ എന്നിവർ നേതൃത്വം നൽകി.