Veena George About Nipah Test : നിപ കേരളത്തില്‍ സ്ഥിരീകരിക്കാനാകില്ലേ ?, എന്തുകൊണ്ട് പൂനെ ഫലം വരണം ? : വീണ ജോര്‍ജ് പറയുന്നു
Published : Sep 12, 2023, 8:28 PM IST
കോഴിക്കോട് : 'കേരളത്തില്‍ കോഴിക്കോട് റീജ്യണല്‍ ഐഡിവിആര്‍എല്‍ ലാബിലും (IDVRL Lab) ആലപ്പുഴ എന്‍ഐവി (Alappuzha NIV) കേരളയിലും നിപ വൈറസ് (Nipah Virus) സ്ഥിരീകരിക്കാന്‍ സാധിക്കും. തിരുവനന്തപരം തോന്നയ്ക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് വൈറോളജിയും (Institute Of Advanced Virology) നിപ വൈറസ് പരിശോധനയ്ക്ക് സജ്ജമാണ്. എന്നാല്‍ അത്യന്തം അപകടകരമായ വൈറസായതിനാല്‍ ഐസിഎംആര്‍ എന്‍ഐവി മാര്‍ഗനിര്‍ദേശമനുസരിച്ച്, ഒരിടവേളയ്ക്ക് ശേഷം ഔട്ട്‌ബ്രേക്ക് വരികയാണെങ്കില്‍ എവിടെ പരിശോധിച്ചാലും എന്‍ഐവി പൂനെയില്‍ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷം മാത്രമേ പ്രഖ്യാപിക്കാന്‍ പാടുള്ളൂ. ഐസിഎംആറിന്‍റെ നിര്‍ദേശമാണിത്. അതിന് ശേഷമേ ഇവിടുത്തെ ലാബുകളില്‍ തന്നെ സ്ഥിരീകരിക്കാന്‍ സാധിക്കൂ' - ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. അതേസമയം, കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌ത 2 മരണങ്ങള്‍ നിപ ബാധയെത്തുടര്‍ന്നാണെന്ന് പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ സ്രവ സാമ്പിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. നാലംഗ കേന്ദ്ര സംഘം ഉടൻ കേരളത്തിലെത്തും. ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്. 49 കാരനായ മരുതോങ്കര സ്വദേശിയും, 40 കാരനായ ആയഞ്ചേരി സ്വദേശിയുമാണ് മരിച്ചത്. ഇരുവരും കാവിലുംപാറയിലെ ഇഖ്‌റ ആശുപത്രിയില്‍ ഒരേസമയം എത്തിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.