'കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവ്'; അനുശോചനം രേഖപ്പെടുത്തി വിഡി സതീശൻ

By

Published : Jul 18, 2023, 10:24 AM IST

thumbnail

തിരുവനന്തപുരം : കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മൻ ചാണ്ടി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ സാധാരണക്കാരെയും പാവങ്ങളെയും ഹൃദയത്തോട് ചേർത്ത് പിടിച്ച സമാനതകളില്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി. കേരളത്തിലെ ജനങ്ങളെയും കോൺഗ്രസ് പ്രസ്ഥാനത്തെയും ഐക്യ ജനാധിപത്യ മുന്നണിയെയും സങ്കടത്തിലാഴ്ത്തുന്നതാണ് അദ്ദേഹത്തിന്‍റെ വേർപാട്. 

ദീർഘനാളായി രോഗബാധിതനായിരുന്നു അദ്ദേഹം. എന്നാൽ രോഗം ഭേദമായി തിരികെയെത്തി ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ ആ രോഗം ഗുരുതരമായതിനെ തുടർന്നാണ് ഇന്ന് വെളുപ്പിന് അദ്ദേഹം വിട വാങ്ങിയത്. വിഡി സതീശൻ പറഞ്ഞു.

മൃതദേഹം ഉച്ചയോടെ കേരളത്തിൽ എത്തിക്കും : ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ബാംഗ്ലൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. ആദ്യം ജഗതിയിലെ ഉമ്മൻ‌ ചാണ്ടിയുടെ വസതിയായി പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ട് പോകും. തുടർന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതു ദർശനത്തിന് എത്തിക്കും.

ശേഷം സെക്രട്ടേറിയറ്റിന് സമീപമുള്ള അദ്ദേഹം സ്ഥിരമായി പ്രാർഥനയിൽ പങ്കെടുത്തിരുന്ന സെന്‍റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയത്തിൽ വൈകിട്ടോടെ പൊതു ദർശനം. തുടർന്ന് രാത്രി കെപിസിസി ആസ്ഥാനത്ത് പൊതുദർശനമുണ്ടാകും. പിന്നീട് അർദ്ധ രാത്രിയോടെ തിരികെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ട് പോകും. 

ALSO READ : നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

അതിന് ശേഷം നാളെ (19-7-2023) രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും കോട്ടയത്തേക്ക് വിലാപ യാത്രയായി പുറപ്പെടും. ഇതിന് ശേഷം കോട്ടയത്തെ തിരുന്നക്കര മൈതാനത്ത് വൈകിട്ടോടെ എത്തും, അവിടെയും പൊതുദർശനമുണ്ടാകും. ഇതിന് ശേഷം കോട്ടയം പുതുപ്പള്ളിയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് മൃതദേഹം കൊണ്ട് പോകും. 

മറ്റെന്നാൾ (20-7-2023) ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളയിലെ പള്ളിയിലാകും മൃതദേഹം സംസ്‌കരിക്കുകയെന്ന് കോൺഗ്രസ്‌ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം ഹസൻ എന്നിവർ മാധ്യമങ്ങളെ അറിയിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.