'ട്രെയിന്‍ തീവയ്‌പ്പ് കേസ് സമഗ്രമായി അന്വേഷിക്കണം'; പൊലീസ് വീഴ്‌ച വരുത്തരുതെന്ന് വിഡി സതീശന്‍ - കോഴിക്കോട് തീവയ്‌പ് കേസില്‍ വിഡി സതീശന്‍
🎬 Watch Now: Feature Video
എറണാകുളം: കോഴിക്കോട് എലത്തൂരിലെ ട്രെയിന്‍ തീവയ്‌പ്പ് കേസില്‍ എല്ലാ ഏജൻസികളെയും ഏകോപിപ്പിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആക്രമണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.
READ MORE| കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീയിട്ടു; പ്രതിക്കായി തെരച്ചില്‍
കേരളത്തിന് പരിചിതമില്ലാത്ത ആക്രമണമാണ് ട്രെയിനില്‍ ഉണ്ടായത്. ബോഗിയിൽ തീകൊളുത്തി അപകടമുണ്ടാക്കാൻ നടത്തിയ ശ്രമം ഒരുപാട് ദുരൂഹതകൾ നിറഞ്ഞതാണ്. ഇതിനുപിന്നിലുള്ള കാര്യങ്ങളെക്കുറിച്ച് കേന്ദ്ര - സംസ്ഥാന ഏജൻസികൾ ഒരുമിച്ച് ഗൗരവമായ അന്വേഷണം നടത്തണം. ട്രെയിൻ യാത്രയിലെ അരക്ഷിതത്വം പരിഹരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.
'ജനങ്ങൾക്ക് വലിയ ആശങ്കയുണ്ട്': യാത്രക്കാർക്ക് നേരെ തീകൊളുത്തുകയും മൂന്ന് പേർ മരിക്കാനിടയായ സാഹചര്യമുണ്ടാവുകയും ചെയ്‌തു. പൊതുവെ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു സംഭവമുണ്ടായത് എല്ലാവർക്കും ഞെട്ടലാണ് ഉളവാക്കിയത്. അന്വേഷണത്തിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്‌ച സംഭവിക്കരുത്.
ജനങ്ങൾക്ക് വലിയ ആശങ്കയാണ് ഈ സംഭവം ഉണ്ടാക്കിയത്. പ്രാഥമികമായി ഈ സംഭവത്തിൽ വീഴ്‌ചയുണ്ടായി എന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. കാരണം ഇത്തരമൊരു സംഭവം ആദ്യമായാണ് ഉണ്ടാകുന്നത്.
ALSO READ| ട്രെയിനില്‍ തീവയ്പ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് ; ഊര്‍ജിത തെരച്ചില്‍
അപ്രതീക്ഷിതമായ സംഭവത്തിൽ മനപൂർവമായ വീഴ്‌ചയുണ്ടായി എന്ന് പറയുന്നത് ശരിയല്ല. പ്രതിപക്ഷമെന്ന നിലയിൽ ഗൗരവകരമായ അന്വേഷണം നടത്തണമെന്നാണ് ഈ ഘട്ടത്തിൽ പറയാനുള്ളത്. എല്ലാവരും ഉത്കണ്‌ഠയോടെ കാത്തിരിക്കുകയാണ്. ഈ സമയത്ത് ആരെയും കുറ്റപ്പെടുത്താനോ വീഴ്‌ച ആരോപിക്കാനോ തയ്യാറാകുന്നില്ല.
ഈ ആക്രമണത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ട്. ഒരു വ്യക്തി ഒറ്റയ്ക്ക് ചെയ്‌തതാണോ, ഈ സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണത്തിൽ വ്യക്തമാകേണ്ടതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.