51 വെട്ട് വെട്ടിയിട്ടും സിപിഎമ്മിന് കലിയടങ്ങുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ - കെ കെ രമ
🎬 Watch Now: Feature Video
തിരുവനന്തപുരം: 51 വെട്ടു വെട്ടി ടിപി ചന്ദ്രശേഖരനെ കൊന്നിട്ടും ആ കുടുംബത്തോടുള്ള സിപിഎമ്മിന്‍റെ കലി അടങ്ങുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ കെ കെ രമയെ ക്രൂരമായി ആക്രമിക്കുകയാണ് സിപിഎം നേതാക്കളും അണികളും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭ സ്പീക്കറുടെ ഓഫിസിനു മുന്നിൽ ഉപരോധം നടത്തിയ രമയെ സിപിഎം എംഎൽഎ ചവിട്ടി.
അമ്പലപ്പുഴ എംഎൽഎ എച്ച് സലാമാണ് കെ കെ രമയെ തൊഴിച്ചത്. ഇപ്പോൾ കെ കെ രാമയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ ആക്രമണം നടത്തുകയാണെന്നും വിഡി സതീശൻ പറഞ്ഞു. രമയുടെ കൈക്കേറ്റ പരിക്ക് വ്യാജം എന്നാണ് പ്രചരണം. അത്തരത്തിൽ വ്യാജമായ പരുക്കിനാണ് പ്ലാസ്റ്റർ ഇട്ടതെങ്കിൽ ആരോഗ്യം മന്ത്രിയാണ് അതിനു മറുപടി പറയേണ്ടത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് രമ ചികിത്സ തേടിയത്. ഒരു പരിക്കും ഇല്ലാത്തയാൾക്ക് പ്ലാസ്റ്റർ ഇട്ടെങ്കിൽ അത് ആരോഗ്യ സംവിധാനത്തിന്‍റെ വീഴ്ചയാണെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷത്തെ ഭയക്കുകയാണ് സർക്കാർ. അതുകൊണ്ടാണ് അടിയന്തര പ്രമേയ ചർച്ചകളിൽ നിന്നടക്കം ഓടിയൊളിക്കുന്നത്. റൂൾസ് 50 അടക്കം പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സർക്കാറിന്റെ സൗകര്യം കൂടി പരിഗണിച്ച് നൽകാമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് പ്രതിപക്ഷം അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രി പറയുന്നത് കേട്ട് വാലാട്ടി നിൽക്കുകയല്ല പ്രതിപക്ഷത്തിന്റെ ജോലി. ജനങ്ങളുടെ പ്രശ്നങ്ങൾ ഇനിയും സഭയിൽ ഉന്നയിക്കും. മോദിക്ക് പഠിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോൾ മോദിയും കടന്ന സ്റ്റാലിൻ ആകാനുള്ള ശ്രമത്തിലാണ്. ഇതൊന്നും കേരളത്തിൽ നടക്കില്ലെന്ന് മുഖ്യമന്ത്രി ഓർമിക്കണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.