പൊലീസുകാർക്കിടയിൽ രണ്ട് ചേരി, ഐജി പി വിജയന്‍റെ സസ്പെൻഷന് പിന്നിലും ഇതാണ്; വിഡി സതീശൻ - വി ഡി സതീശൻ പി വിജയൻ
🎬 Watch Now: Feature Video
തിരുവനന്തപുരം : ട്രെയിൻ തീവയ്‌പ്പ് കേസിൽ യാത്ര വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഐജി പി വിജയൻ സസ്പെൻഷനിലായതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള പൊലീസുകാർക്കിടയിൽ രണ്ട് ചേരി ഉണ്ടെന്നും പി വിജയന്‍റെ സസ്പെൻഷൻ നടപടിക്ക് പിന്നിൽ ഇതാണ് കാരണമെന്നും വി ഡി സതീശൻ ആരോപിച്ചു. കേരള പൊലീസിന് എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ ഗുരുതരമായ അനാസ്ഥ സംഭവിച്ചുവെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നുവെന്നും സുരക്ഷ ഒരുക്കാത്തതിന് അല്ല, വാർത്ത ചോർന്നതിനാണ് ഇപ്പോൾ നടപടി എടുത്തതെന്നും വി ഡി സതീശൻ പറഞ്ഞു.
എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ മാതൃഭൂമി ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്‌ത നടപടിയേയും വി ഡി സതീശൻ വിമർശിച്ചു. പൊലീസിന്‍റെ അനാസ്ഥ പുറത്തുവന്നു എന്നതിന്‍റെ വിഷമം തീർക്കാനാണ് മാധ്യമപ്രവർത്തകർക്കെതിരെ നടപടി എടുത്തത്. ഇത് തെറ്റായ രീതിയാണ്. എന്ത് ക്രിമിനൽ കുറ്റമാണ് വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ സംഭവിക്കുന്നതെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണന്നും വി ഡി സതീശൻ ആരോപിച്ചു.
സർവ്വകലാശാല തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ ആൾമാറാട്ടത്തിൽ പ്രതികരണം : സംസ്ഥാനത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയ സർവകലാശാല തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ ആൾമാറാട്ടം ക്രിമിനൽ കുറ്റമാണെന്നും നടപടി എടുത്തില്ലെങ്കിൽ വിട്ടുവീഴ്‌ച ഇല്ലാതെ ശക്തമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നുവെന്നും അഴിമതി ആരോപണങ്ങളിൽ സർക്കാർ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
മുഖ്യമന്ത്രി എഐ ക്യാമറ അഴിമതിയിൽ പങ്കാളിയാണ്. പ്രതിപക്ഷം പുറത്തുവിട്ട രേഖകളെ ഇതുവരെ ആരും ചോദ്യം ചെയ്‌തിട്ടില്ല. അന്വേഷണം വന്നാൽ കൂടുതൽ തെളിവുകൾ നൽകാൻ തയ്യാറാണ്. വ്യവസായ വകുപ്പ് സെക്രട്ടറി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കർണാടക സത്യപ്രതിജ്ഞയ്ക്ക് പാർട്ടി നേതാക്കളെയാണ് ക്ഷണിച്ചിട്ടുള്ളതെന്നും എഐസിസി ആണ് ക്ഷണിച്ചതെന്നും സീതാറാം യെച്ചൂരിയെ ക്ഷണിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.