'ഡോ.വന്ദന ദാസിന്‍റെ കൊലപാതകം പൊലീസിന്‍റെ അനാസ്ഥ, മുഖ്യമന്ത്രി മൗനം വെടിയണം': വിഡി സതീശന്‍
🎬 Watch Now: Feature Video
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന യുവ ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതകം പൊലീസിന്‍റെ കുറ്റകരമായ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തെ പറ്റി പ്രതികരിക്കാത്ത മുഖ്യമന്ത്രി മൗനം വെടിയണമെന്നും വിഡി സതീശൻ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഡോക്‌ടർ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അനാസ്ഥ കാട്ടിയ പൊലീസിനെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കെബി ഗണേഷ് കുമാർ നിയമസഭയിൽ ഡോക്‌ടർമാർക്കെതിരെ നടത്തിയ പ്രസ്‌താവന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെ നടൻ ടിനി ടോം നടത്തിയ പ്രസ്‌താവനയെ അഭിനന്ദിക്കുന്നു എന്നും വിഡി സതീശൻ പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത സന്ദീപ് എന്ന ആളാണ് ചികിത്സയ്‌ക്കെത്തിച്ചപ്പോള്‍ ഡോക്‌ടറെ ആക്രമിച്ചത്. ആശുപത്രിയിലെ തന്നെ സര്‍ജിക്കല്‍ ഉപകരണം കൊണ്ടായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും ഇയാള്‍ ആക്രമിച്ചു. പ്രകോപനം ഒന്നും കൂടാതെയായിരുന്നു ആക്രമണം.
11 കുത്താണ് ഡോ.വന്ദനയ്‌ക്ക് ഏറ്റത്. മുതുകിലും കഴുത്തിലും ഏറ്റ കുത്തുകളായിരുന്നു മരണ കാരണം. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് വന്ദനയുടെ സംസ്‌കാരം നടന്നത്.