വന്ദേ ഭാരത് രണ്ടാം പരീക്ഷണയോട്ടം; ആഘോഷത്തോടെ വരവേറ്റ് കാസര്‍കോട്ടുക്കാര്‍; സമയം മെച്ചപ്പെടുത്തി എക്‌സ്‌പ്രസ് - news updates in kasargod

🎬 Watch Now: Feature Video

thumbnail

By

Published : Apr 19, 2023, 8:32 PM IST

കാസർകോട്: രണ്ടാം പരീക്ഷണയോട്ടത്തില്‍ വന്ദേ ഭാരത് എക്‌സ്‌പ്രസ് കാസര്‍കോട് എത്തി. നാട്ടുകാരും രാഷ്‌ട്രീയ പ്രമുഖരുമടക്കം നിരവധി പേരാണ് വന്ദേ ഭാരതിനെ ആഘോഷപൂര്‍വ്വം വരവേറ്റത്. ഒന്നാം ഘട്ട പരീക്ഷണയോട്ടത്തേക്കാള്‍ സമയം മെച്ചപ്പെടുത്തിയാണ് വന്ദേ ഭാരത് എക്‌സ്‌പ്രസ് കാസര്‍കോട് എത്തിയത്. 

രാവിലെ 5.20ന് തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്‌ക്ക്‌ 1.10നാണ് കാസര്‍കോട് സ്റ്റേഷനിലെത്തിയത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ 7 മണിക്കൂറും 50 മിനിറ്റുമാണ് വന്ദേ ഭാരത് എടുത്തത്. 5.20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേ ഭാരത് 6.10ന് കൊല്ലത്തും 7.33ന് കോട്ടയത്തും എത്തി. 

എറണാകുളത്ത് എത്താന്‍ മൂന്ന് മണിക്കൂറും 12 മിനിറ്റും എടുത്ത എക്‌സ്‌പ്രസ്‌ തൃശൂരിലെത്താന്‍ 4 മണിക്കൂറും 20 മിനിറ്റും എടുത്തു. കോഴിക്കോട്ട് എത്താന്‍ എടുത്തത് 5 മണിക്കൂര്‍ 50 മിനിറ്റുമാണ്. ഇത് ആദ്യ യാത്രയേക്കാള്‍ 12 മിനിറ്റ് കുറവാണ്. 

12.13ന് ട്രെയിന്‍ കണ്ണൂരിലെത്തി. തുടര്‍ന്ന് കാസര്‍കോടും. 1.10ന് കാസര്‍കോട് എത്തിയ വന്ദേ ഭാരത് എക്‌സ്‌പ്രസ് 2.25ന് തിരിച്ച് തലസ്ഥാനത്തേക്ക് മടങ്ങി. 

സമ്മര്‍ദങ്ങള്‍ക്കൊടുവിലെത്തിയ വന്ദേ ഭാരത് എക്‌സ്‌പ്രസ്: നിരന്തരമുണ്ടായ പ്രതിഷേധങ്ങൾക്കും സമ്മർദങ്ങൾക്കും ഒടുവിലാണ് വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ സര്‍വീസ് കാസർകോട് വരെ നീട്ടിയത്. ഇത് യാത്ര ദുരിതത്തിന് അല്‍പം ആശ്വാസകരമാകും. മംഗളൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് രാവിലെ പരശുറാം എക്‌സ്‌പ്രസ്, ഏറനാട് എക്‌സ്‌പ്രസ് എന്നിവയും വൈകിട്ട് തിരുവനന്തപുരം എക്‌സ്‌പ്രസ്, മാവേലി, മലബാർ, തുടങ്ങിയ ട്രെയിനുകളുമാണ് നിലവില്‍ സര്‍വീസ് നടത്തിയിരുന്നത്. 

also read: കേരളത്തിന് വിഷു കൈനീട്ടമായി വന്ദേഭാരത് എക്‌സ്‌പ്രസ് ; ചെന്നൈയിൽ നിന്ന് റാക്കുകൾ ഇന്ന് എത്തും, ഫ്ലാഗ് ഓഫ് ഏപ്രില്‍ 25ന്

തെക്കന്‍ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ക്ക് റിസർവേഷൻ കിട്ടാത്തതിനാൽ ജനറൽ ടിക്കറ്റ് എടുത്താണ് പലരും യാത്ര ചെയ്‌തിരുന്നത്. വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ സര്‍വീസ് കാസര്‍കോട് വരെ നീട്ടിയത് പകല്‍ സമയത്ത് അനുഭവിക്കുന്ന യാത്ര ദുരിതത്തിന് അറുതിയാകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് നിന്ന് തുടങ്ങുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ സര്‍വീസ് കണ്ണൂരില്‍ അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും കാസര്‍കോടിനോടുണ്ടായ അവഗണന പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചതോടെയാണ് കാസര്‍കോട് വരെ നീട്ടിയത്. 

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ കാസര്‍കോട് കേരളത്തില്‍ അല്ലെയെന്നുള്ള ചോദ്യങ്ങള്‍ അടക്കം ഉയര്‍ന്നിരുന്നു. വിവിധ സംഘടനകളും രാഷ്‌ട്രീയ കക്ഷികളും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ആവശ്യ പ്രകാരം രാജ്‌ മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രധാനമന്ത്രിക്കും റെയിൽവെ മന്ത്രിക്കും പരാതിയും നിവേദനവും നല്‍കിയിരുന്നു. നിരവധി തവണ ഈ വിഷയമുന്നയിച്ച് സഭയിൽ സബ്‌മിഷനുകളും ഉന്നയിച്ചിരുന്നു. 

കേരളത്തിന്‍റെ വിഷുക്കൈനീട്ടം: ഇന്ത്യയില്‍ നിര്‍മിച്ച അതിവേഗ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്‌പ്രസ്. 52 മിനിറ്റുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകും ഈ എക്‌സ്‌പ്രസിന്. കേരളത്തിലേക്ക് അപ്രതീക്ഷിതമായി ലഭിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസ് നിലവിലെ യാത്ര പ്രതിസന്ധികള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 

also read: വന്ദേ ഭാരത് രണ്ട് മിനിറ്റ് വൈകിയതിലെ സസ്‌പെന്‍ഷന്‍ നടപടി പിൻവലിച്ച് റെയില്‍വേ

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.