ഡോക്‌ടർമാരുടെ സമരം തുടരുന്നു: ഡോക്‌ടർ വന്ദനയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി - ഡോക്‌ടറുടെ കൊലപാതകം
🎬 Watch Now: Feature Video
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ യുവ ഡോക്‌ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം ദിനവും ഡോക്‌ടർമാരുടെ പ്രതിഷേധം ശക്തം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ഡോക്‌ടർമാരുടെ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് ഡോക്‌ടർമാരുടെ പണിമുടക്ക് ഇന്നും തുടരും. ചികിത്സ മുടക്കാൻ അല്ല ഈ സമരമെന്നും നിവർത്തികേട് കൊണ്ടാണ് ഈ സമരമെന്നും അടക്കമുള്ള വൈകാരികമായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടാണ് ഡോക്‌ടർമാരുടെ പ്രതിഷേധം. ആശുപത്രികളെ അതിസുരക്ഷ മേഖലകളായി പ്രഖ്യാപിക്കണം, ആശുപത്രികളിൽ പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് കെജിഎംഒഎ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അരുൺ എ ജോൺ ഇടിവി ഭാരതിനോട് പറഞ്ഞു.
സംസ്ഥാനത്ത് ആശുപത്രി സംരക്ഷണ നിയമം ഉണ്ടെങ്കിലും അത് കാര്യക്ഷമമായി നടപ്പാക്കാൻ ആകുന്നില്ല. അതിന് കുറച്ച് ഭേദഗതികൾ ആവശ്യമുണ്ട്. ആ ഭേദഗതി ഓർഡിനൻസായി ഉടൻ പുറത്തിറക്കണമെന്നാണ് തങ്ങളുടെ പ്രധാന ആവശ്യം. അത് കാര്യക്ഷമമായി നടപ്പാക്കുകയും വേണം. ഓർഡിനൻസ് പുറത്തിറക്കാത്ത പക്ഷം സമരവുമായി മുന്നോട്ടു പോകും. ആശുപത്രികളിൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത്യാഹിത വിഭാഗം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എബിവിപിയും ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.
അതേസമയം, ഇന്നലെ ആശുപത്രിയില്‍ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്‌ടർ വന്ദന ദാസിന് നാടിന്‍റെ അന്ത്യാഞ്ജലി. മൃതദേഹം ഇന്ന് കോട്ടയം കടുത്തുരുത്തിയിലെ വീട്ടില്‍ പൊതുദർശനത്തിന് വെച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രിമാർ, എംഎല്‍എമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ അന്തിമോപചാരമർപ്പിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ തിരുവനന്തപുരത്ത് അന്തിമോചപാരമർപ്പിച്ചിരുന്നു.
രൂക്ഷ വിമർശനവുമായി ഹൈക്കോടതി: ജോലിക്കിടെ ഡോക്‌ടർ ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്നും കേരള ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി. സംസ്ഥാന പൊലീസ് മേധാവി ഓൺലൈനായി ഹിയറിങില്‍ പങ്കെടുത്തു. സംഭവത്തില്‍ പൊലീസിനെതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ആശുപത്രിയില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന വാദം ഹൈക്കോടതി തള്ളി. ഇനിയൊരു ഡോക്‌ടർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന് കോടതി നിർദേശിച്ചു.