' മുഹമ്മദ് റിയാസ് മൂന്ന് ദിവസമായി മാളത്തിലാണ്'; പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ - monthly quota controversy veena vijayan
🎬 Watch Now: Feature Video
കൊല്ലം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി വി മുരളീധരൻ. മാസപ്പടി വിവാദത്തിന് ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്ന് ദിവസമായി മാളത്തിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. രാജ്യത്തെ എല്ലാ വിഷയങ്ങളെ കുറിച്ചും അഭിപ്രായം പറയുന്ന മുഹമ്മദ് റിയാസ് സ്വന്തം ഭാര്യക്ക് കിട്ടിയ പണം തെരഞ്ഞെടുപ്പ് സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താത്തത് എന്താണെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ മുഖ്യമന്ത്രിയും മൗനത്തിലാണ്. പിണറായി ഐക്യമുന്നണി മാത്രമാണ് കേരളത്തിലുള്ളത്. അതിലെ അംഗങ്ങളാണ് വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയുമൊക്കെ. പുതുപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും ചേർന്ന് ഒറ്റ സ്ഥാനാർഥിയെ നിർത്തിയാൽ മതിയെന്നും വി മുരളീധരൻ പറഞ്ഞു. ഇത്ര ഗുരുതരമായ ആദായനികുതി ട്രൈബ്യൂണലിന്‍റെ വിധി വന്നിട്ടും വിഷയം നിയമസഭയിൽ ഉന്നയിക്കാൻ പോലും കോൺഗ്രസ് താത്പര്യപ്പെട്ടില്ല. ഭാരതീയ ജനത പാർട്ടി മാത്രമാണ് ഈ തട്ടിപ്പ് രാഷ്‌ട്രീയത്തിനെതിരായി നിലപാട് എടുത്തത്. മാസപ്പടി വാങ്ങിയ മുഖ്യമന്ത്രിയുടെ മകൾക്ക് പുറമെ രാഷ്‌ട്രീയ പാർട്ടിക്ക് വേണ്ടി സംഭാവന വാങ്ങിയ പേരുകളും പുറത്തുവന്നു. അക്കൂട്ടത്തിൽ സിപിഎമ്മിന്‍റെയും കോൺഗ്രസിന്‍റെയും മുസ്ലിം ലീഗിന്‍റെയും നേതാക്കന്മാരുടെ പേരുണ്ട്. അതുകൊണ്ടാണ് അവർ മുഖ്യമന്ത്രിയുടെ മകളെ മാത്രം കുറ്റപ്പെടുത്തുന്ന നിലപാട് എടുക്കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.