Uttarakhand Rain| ഉത്തരാഖണ്ഡില്‍ നാശം വിതച്ച് പെരുമഴ; മണ്ണിടിച്ചിലില്‍ ഗതാഗതം തടസപ്പെട്ടു, ഒരാളെ കാണാനില്ല
🎬 Watch Now: Feature Video
ചമോലി: ശക്തമായ മഴയ്‌ക്ക് പിന്നാലെയുണ്ടായ മണ്ണിടിച്ചിലില്‍ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥ് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. മലമുകളില്‍ നിന്നും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പിപാല്‍കോട്ടി മേഖലയിലാണ് ഗതാഗതം തടസപ്പെട്ടത്. സംഭവത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. കൂടാതെ, നിരവധി വാഹനങ്ങളും അവശിഷ്‌ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയതായി ജില്ല മജിസ്ട്രേറ്റ് ഹിമാന്‍ഷു ഖുറാന അറിയിച്ചു. അതേസമയം, ഉത്തരാഖണ്ഡില്‍ ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വരുന്ന 24 മണിക്കൂറിനുള്ളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്നാണ് പ്രവചനം. നൈനിത്താള്‍ (Nainital), ഡെറാഡൂൺ (Dehradun), ചമ്പാവത്ത് (Champawat), തെഹ്‌രി (Tehri), പൗരി (Pauri), ഉദ്ദം സിങ് നഗർ (Udham Singh Nagar) എന്നിവിടങ്ങളില്‍ ശക്തമായ ഇടിമിന്നലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ അന്‍പതിലധികം പേര്‍ മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 650 കോടിയിലധികം രൂപയുടെ നാശ നഷ്‌ടം ഉണ്ടായെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണെന്നാണ് പുറത്തുവരുന്ന വിവരം.