Uthrada Pachil At Kollam ഓണത്തിരക്കിലമര്‍ന്ന് കൊല്ലം; ഉത്രാടപ്പാച്ചിലില്‍ നഗരം ജനസാഗരം, തിരുവോണത്തിനൊരുങ്ങി ജനം - ഉത്രാട ദിവസം
🎬 Watch Now: Feature Video
Published : Aug 28, 2023, 6:37 PM IST
കൊല്ലം: ഓണത്തിരക്കിൽ (Onam Celebration) അമരുകയാണ് നാടും നഗരവും. ആദ്യദിനമായ ഉത്രാടത്തിന് (Uthradam) ഉത്രാടപ്പാച്ചിൽ എന്ന പേര് വന്നത് പോലും അന്നത്തെ തിരക്ക് പരിഗണിച്ചാണ്. തിരുവേണ ദിവസത്തേക്കുളള (Thiruvonam) ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ട ദിനം കൂടിയാണിത്. ഉത്രാട ദിവസം വീട്ടുമുറ്റത്ത് പൂക്കളമിടാൻ പൂവ്, മറ്റ് സാധനങ്ങൾ, വസ്‌ത്രങ്ങൾ എന്നിവ വാങ്ങാനെത്തിയവരാൽ നഗരം നിറഞ്ഞിരിക്കുകയാണ്. ഖാദി (Khadi), ഹാന്‍റക്‌സ്, ഹാൻവീവ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് വിലക്കുറവിൽ വസ്‌ത്രങ്ങളും മറ്റും വാങ്ങാനുള്ള അവസരവും ജനങ്ങൾ പ്രയോജനപ്പെടുത്തുകയാണ്. മാത്രമല്ല വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. പാത്രങ്ങളും മൺചട്ടികളും വസ്‌ത്രങ്ങളും ചെരുപ്പുമടക്കം ആവശ്യമുള്ളതെല്ലാം തെരുവോരങ്ങളിൽ നിന്ന് ലഭ്യമാണ്. എല്ലാത്തിലുമുപരി മഴ പെയ്യാത്തത് വഴിയോര കച്ചവടക്കാർക്ക് ആശ്വാസവുമായി. തിങ്കളാഴ്‌ച വൈകുന്നേരത്തോടെ കൊല്ലം നഗരത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ ചാമക്കട, മെയിൻ റോഡ്, പായിക്കട റോഡ് പാർവതി മിൽ ജങ്‌ഷൻ, ചിന്നക്കട എന്നിവിടങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പ്രധാനമായും വാഴയില കടയിലും, പച്ചക്കറിക്കടയിലും നല്ല തിരക്കാണ്. മേട്ടുപാളയം വാഴയിലയാണ് കൂടുതലായും വിറ്റഴിയുന്നത്. ഇവിടങ്ങളില്‍ നാടൻ വാഴയിലയും ലഭ്യമാണ്. സമീപകാലത്ത് വാഴയിലയ്ക്ക് 80 രൂപയായിരുന്നു വില. രാത്രി 12 മണി വരെ വാഴയില വാങ്ങാൻ ആളുകൾ എത്താറുണ്ടെന്നും കച്ചവടക്കാർ പറയുന്നു. പഴക്കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ നഗരത്തിൽ ആവശ്യമായ പാർക്കിങ് ഇല്ലാത്തത് ബുദ്ധിമുട്ട് വർധിപ്പിക്കുന്നുണ്ട്. റോഡരികുകളിൽ പാർക്ക് ചെയ്യുന്നതിന് പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനുമായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നും നിരവധി വഴിയോര കച്ചവടക്കാരാണ് നഗരത്തിൽ എത്തിയിരിക്കുന്നത്. ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, തുണിത്തരങ്ങൾ എന്നിവയാണ് പ്രധാനമായും വഴിയോരങ്ങളിൽ കച്ചവടത്തിനായി എത്തിച്ചിരിക്കുന്നത്.