രണ്ടാം ദിവസവും അജ്ഞാത ജീവിയുടെ ആക്രമണം; ചാവക്കാട് തീരത്ത് ആശങ്കയും ഭീതിയും - തിരുവത്ര പുത്തൻ കടപ്പുറത്ത്
🎬 Watch Now: Feature Video
തൃശൂര്‍: ചാവക്കാട് തിരുവത്ര പുത്തൻ കടപ്പുറത്ത് അജ്ഞാത ജീവിയുടെ ആക്രമണം തുടരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവുമുണ്ടായ ആക്രമണത്തില്‍ പത്തോളം പ്രാവുകള്‍ ചത്തു. കഴുത്തിൽ ദ്വാരമുണ്ടാക്കി രക്തം ഊറ്റിക്കുടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കഴിഞ്ഞ ദിവസവും കോഴികളെയും പ്രാവുകളെയും കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്‌ച പുലര്‍ച്ചയോടെയാണ് സംഭവം. തിരുവത്ര ഇഎംഎസ് നഗറിൽ ആലിവീട്ടിൽ സൈനുദ്ധീന്‍റെ വീട്ടില്‍ തന്നെയാണ് ഇന്നും ആക്രമണമുണ്ടായത്. കഴിഞ്ഞദിവസത്തെ ആക്രമണത്തെ അതിജീവിച്ച പ്രാവുകളിൽ പത്തോളം വിലപിടിപ്പുള്ള പ്രാവുകളെയാണ് സമാനരീതിയിൽ ഇന്നും കൊന്നൊടുക്കിയത്. അലങ്കാര വർഗത്തിൽപെട്ട മുഗി, മൊദീന തുടങ്ങിയ ഇനങ്ങളിൽപ്പെട്ട പത്തിൽ പരം പ്രാവുകൾക്കാണ് ഇന്ന് ജീവൻ നഷ്‌ടപ്പെട്ടത്.
കഴിഞ്ഞദിവസം പുലർച്ചെ കോഴികളെയും, പ്രാവുകളെയും അജ്ഞാത ജീവി വകവരുത്തിയതിനാൽ ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ രണ്ടു മണിവരെ വീട്ടുകാർ നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ മൂന്ന് മണിയോടെ ഇവര്‍ ഉറങ്ങാന്‍ പോയിരുന്നു. ഈ സമയത്താണ് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായത്. ഒരു ഇടവേളക്ക് ശേഷം തീരദേശ മേഖലയിൽ അജ്ഞാത ജീവി ആക്രമണം പതിവായതോടെ നാട്ടുകാർ ആശങ്കയിലാണ്.