എല്‍ഡിഎഫ് സർക്കാർ മൂന്നാം വർഷത്തിലേക്ക്: സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് പ്രതിഷേധം
🎬 Watch Now: Feature Video
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുന്നതിന്‍റെ ആഘോഷ പരിപാടികൾക്കിടെ ശക്തമായ പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷം. യുഡിഎഫ് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് വളയൽ സമരം ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളില്‍ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണ് സെക്രട്ടേറിയറ്റ് വളയൽ സമരത്തിനായി എത്തിയത്.
കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിന്‍റെ പല നടപടികളിലും സുതാര്യത ഇല്ലായ്‌മ പ്രകടമാണെന്ന ആരോപണം കഴിഞ്ഞ രണ്ട് വർഷമായി പ്രതിപക്ഷം ഉയർത്തുന്നു. 232 കോടി രൂപയുടെ എ ഐ കാമറ അഴിമതിയാണ് ഏറ്റവും ഒടുവില്‍ പ്രതിപക്ഷം എൽഡിഎഫ് സർക്കാരിനെതിരെ ഉന്നയിച്ചത്. രണ്ടുവർഷമായി യുഡിഎഫ് നടത്തിവരുന്ന സമരങ്ങളുടെ ആവശ്യങ്ങൾ ക്രോഡീകരിച്ചാണ് സർക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ യുഡിഎഫ് സമരത്തിന് ഇറങ്ങുന്നത്.
10 വർഷം മുൻപ് സോളാർ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് സമാനമായാണ് യുഡിഎഫും സമരത്തിന് ആഹ്വാനം ചെയ്‌തത്. സമരത്തിന് മുന്നോടിയായി കർശന ട്രാഫിക് നിയന്ത്രണങ്ങളാണ് തലസ്ഥാന നഗരിയിൽ ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്ന് വരുന്ന പ്രവർത്തകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള നിർദ്ദേശം നേരത്തെ നൽകിയിട്ടുണ്ട്.
Also read : സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്, സർക്കാരിന് എതിരെ തലസ്ഥാനത്ത് വൻ പ്രതിഷേധ സമരം