കെപിസിസി പുനഃസംഘടനയില്‍ അതൃപ്‌തിയുമായി എംഎം ഹസനും; എഐ കാമറയില്‍ സര്‍ക്കാരിനെ വിടാതെ യുഡിഎഫ് കൺവീനർ - കെപിസിസി

🎬 Watch Now: Feature Video

thumbnail

By

Published : Jun 6, 2023, 7:26 AM IST

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും എം.എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി പുനസംഘടനയിൽ പാർട്ടി നേതാക്കൾക്കിടയിൽ അതൃപ്‌തിയുണ്ടെന്നും കത്തിന് മറുപടി ലഭിച്ചശേഷം കൂടുതൽ വിശദീകരണം നൽകാമെന്നും അദ്ദേഹം അറിയിച്ചു. എഐ അഴിമതി ക്യാമറ വച്ച് ജനങ്ങളെ കൊള്ളയടിക്കരുതെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

വിമര്‍ശനം കടുപ്പിച്ച്: രാജ്യസുരക്ഷ ഒഴികെയുള്ള വിഷയത്തിൽ വിവരാവകാശ പ്രകാരം മറുപടി നൽകാം. എന്നാൽ എഐ കാമറ വിഷയത്തിൽ മറുപടിയില്ലെന്നും ഹസൻ കുറ്റപ്പെടുത്തി. പിഴ പിഴിഞ്ഞ് കാമറയുടെ കടം വീട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കാമറ വിഷയത്തിൽ അഴിമതി അന്വേഷണം നടത്തുന്നത് വരെ കോൺഗ്രസ് സമര മുഖത്ത് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എഐ കാമറ പദ്ധതിയിൽ നൂറുകോടി അഴിമതി ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. കെ ഫോൺ പദ്ധതിയിലും അഴിമതിയുണ്ട്. എഐ കാമറ പദ്ധതിയിലും കെ-ഫോൺ പദ്ധതിയിലും എല്ലാത്തിന്‍റെയും ഗുണഭോക്താവ് മുഖ്യമന്ത്രിയുടെ ബന്ധുവാണ്. മുഖ്യമന്ത്രിയുടെ അഴിമതിയുടെയെല്ലാം സൂത്രധാരൻ ശിവശങ്കറാണെന്നും എം.എം ഹസന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയാണ് കേരളത്തിലെ കോടീശ്വരൻ. കോടികളുടെ അധിപനായ മുഖ്യമന്ത്രിയുടെ അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ 82 ലക്ഷം കൊടുക്കണമെന്നാണ് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മെഡിക്കൽ കോർപ്പറേഷന്‍റെ അഴിമതിക്കെതിരെ നടക്കുന്ന വിജിലൻസ് അന്വേഷണത്തിൽ തെളിവ് നശിപ്പിക്കുവാനാണ് തീപിടിത്തം. ബ്ലീച്ചിങ് പൗഡർ തീപിടിച്ചത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്. തീപിടിത്തം ടൈം ടേബിൾ ചെയ്‌തത് പോലെയാണെന്നും കൃത്രിമമായി ഉണ്ടായതാണെന്നും എം.എം ഹസൻ കുറ്റപ്പെടുത്തി.

സെക്രട്ടേറിയേറ്റിനു മുന്നിലെ ഐ കാമറയിൽ അദ്ദേഹം റീത്ത് വച്ച് പ്രതിഷേധിച്ചു. അഴിമതി കാമറയ്‌ക്കെതിരെ കോണ്‍ഗ്രസ് നാളെ നടത്തുന്ന സുപ്രധാന സമരത്തില്‍ ഇടതുപക്ഷക്കാരും ബിജെപിക്കാരും ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും അണിചേരണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും അഭ്യർത്ഥിച്ചിരുന്നു. അഴിമതിയും ജനദ്രോഹവും മുഖമുദ്രയായ എഐ കാമറ പദ്ധതിയെ പ്രക്ഷോഭത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും തോല്‍പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും മതിയായ സിഗ്നലുകളോ, തയാറെടുപ്പോ ഇല്ലാതെ നടപ്പാക്കിയ ചതിക്കെണിയില്‍ കുടുങ്ങാന്‍ പോകുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ലെന്ന് സിപിഎമ്മിന്‍റെയും ബിജെപിയുടെയും അണികള്‍ ഓര്‍ക്കണമെന്നും സുധാകരൻ പറഞ്ഞിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.