നെടുമങ്ങാട് മാര്‍ക്കറ്റില്‍ രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി; 15 കണ്ടെയ്‌നറുകളും ഡ്രൈവര്‍മാരും കസ്റ്റഡിയില്‍ - തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍
🎬 Watch Now: Feature Video
തിരുവനന്തപുരം: നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റില്‍ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച രണ്ട് ടണ്‍ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. നെടുമങ്ങാട് നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. മത്സ്യവുമായി മാര്‍ക്കറ്റിലെത്തിയ 15 കണ്ടെയ്‌നറുകളും അവയിലെ ഡ്രൈവര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്‌ച രാത്രി 12 മണിയോടെയാണ് സംഭവം. നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും പഴകിയ മത്സ്യമെത്തിച്ച് വില്‍പ്പന നടക്കുന്നുണ്ടെന്ന് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്ന് സംഘം പരിശോധനയ്‌ക്ക് എത്തിയത്. പിടിച്ചെടുത്ത മത്സ്യം ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മൊബൈൽ ലാബില്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. നെടുമങ്ങാട് നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെയും നെടുമങ്ങാട് ഫുഡ് സേഫ്റ്റി ഓഫിസറുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച് കുറഞ്ഞ വിലയില്‍ പഴകിയ മത്സ്യം വിറ്റഴിക്കാനായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. ഇത്തരം സംഭവങ്ങള്‍ പൂര്‍ണമായും നിരോധിക്കുമെന്നും പരിശോധനകള്‍ വരും ദിവസങ്ങളില്‍ കര്‍ശനമാക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.