ഇരട്ടയാർ ജലസംഭരണിയിൽ കക്കൂസ് മാലിന്യം തള്ളി; 2 പേർ പൊലീസ് പിടിയിൽ - dumping toilet waste in erattayar reservoir
🎬 Watch Now: Feature Video
ഇടുക്കി: ഇരട്ടയാർ ജലസംഭരണിയിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴ സ്വദേശികളായ തേവർവട്ടം രാംലാൽ ( 36 ), എരമല്ലൂർ സന്തോഷ് (43) എന്നിവരാണ് പിടിയിലായത്. മാർച്ച് ആറിന് രാത്രിയിലാണ് ഇരുവരും ടാങ്കർ ലോറിയിൽ മാലിന്യം ജല സംഭരണിയിൽ തള്ളിയത്.
കട്ടപ്പന നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നും ശേഖരിച്ച മാലിന്യം അർധരാത്രിയിൽ പ്രതികൾ ഇരട്ടയാർ ഡാമിന്‍റെ രണ്ടിടങ്ങളിലായി തള്ളുകയായിരുന്നു. തുടർന്ന് അന്ന് രാത്രിയിൽ തന്നെ ഡ്രൈവറായ രാംലാലും സഹായിയായ സന്തോഷും വാഹനവുമായി ആലപ്പുഴയിലേക്ക് കടന്നു കളഞ്ഞു. പിന്നീട് ഇരട്ടയാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് വാഹനം കണ്ടെത്തിയത്.
ഇന്ന് വാഹനത്തിന്‍റെ ഡ്രൈവറെയും ക്ലീനറെയും സ്റ്റേഷനിൽ വിളിച്ച് വരുത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ടാങ്കർ ലോറിയുടെ വാൽവ് തകരാറിലായതിനെ തുടർന്നാണ് മാലിന്യം ജലസംഭരണിയിൽ തള്ളിയതെന്നാണ് പ്രതികളുടെ വിശദീകരണം. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കൽ, കുടിവെള്ളം മലിനമാക്കൽ, പൊതുജന ആരോഗ്യം നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.