'ഇത് വെറും സൂചന മാത്രം; അരിക്കൊമ്പനെ തിരികെയെത്തിക്കണം', പ്രതിഷേധവുമായി ചിന്നക്കനാലിലെ ആദിവാസികള്‍ - ഇടുക്കി പുതിയ വാര്‍ത്തകള്‍
🎬 Watch Now: Feature Video
ഇടുക്കി: തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് മയക്ക് വെടി വച്ച് തമിഴ്‌നാട്- കേരള അതിര്‍ത്തി ജില്ലയായ കന്യാകുമാരിയിലെ അപ്പര്‍ കൊടയാർ വനത്തിൽ തുറന്ന് വിട്ട അരിക്കൊമ്പനെ തിരിച്ച് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരവുമായി ചിന്നക്കനാലിലെ ആദിവാസി വിഭാഗം. മുതുവാന്‍ വിഭാഗത്തിലെ അഞ്ച് കുടികളിലെ ജനങ്ങളാണ് സമരവുമായി രംഗത്തെത്തിയത്. തുടര്‍ച്ചയായുള്ള മയക്ക് വെടി വയ്‌ക്കലും കാടുകയറ്റലും അരിക്കൊമ്പന്‍റെ ആരോഗ്യം നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.
അരിക്കൊമ്പന്‍റെ തുമ്പിക്കൈയിലെ മുറിവ് അപകടകരമായ രീതിയിലേക്ക് മാറിയതായും ചിന്നക്കനാലില്‍ തിരിച്ചെത്തിച്ച് ചികിത്സ നല്‍കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സൂര്യനെല്ലി- സിങ്കുകണ്ടം പാതയിലാണ് പ്രതിഷേധ സമരവുമായി ആദിവാസികളെത്തിയത്. ആന ജനിച്ച് വളര്‍ന്ന മതികെട്ടാന്‍ വനത്തിലേക്ക് തിരിച്ചെത്തിക്കണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ചിന്നക്കനാലിലെ ആടുവിളന്താൻ, ടാങ്ക് മേട്, പച്ചപുൽ, ചെമ്പകതൊഴു, കോഴിപ്പന എന്നിവിടങ്ങളിലെ ആദിവാസികളാണ് സമരവുമായെത്തിയത്.
ഇത് വെറും സൂചന മാത്രമാണെന്നും അരിക്കൊമ്പനെ ദ്രോഹിക്കുന്ന നടപടി തുടര്‍ന്നാല്‍ വീണ്ടും ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ആദിവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് മയക്ക് വെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്ന് രാവിലെയാണ് കന്യാകുമാരിയിലെ വനമേഖലയില്‍ വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ആദിവാസികള്‍ രംഗത്തെത്തിയത്.