പോക്‌സോ കേസിൽ ജയിലിൽ കിടന്നത് 98 ദിവസം ; നിരപരാധിത്വം തെളിയിച്ച ആദിവാസി യുവാവ് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നിയമപോരാട്ടത്തിന്
🎬 Watch Now: Feature Video
Published : Nov 5, 2023, 2:14 PM IST
ഇടുക്കി : പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട നിരപരാധിയായ ആദിവാസി യുവാവ് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ എം വിനീതാണ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നത് (EM Vineeth proved innocent). മൂന്ന് മാസത്തിലധികം ശിക്ഷ നേരിട്ട ശേഷം ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നപ്പോൾ വിനീത് കേസിൽ നിരപരാധിയാണെന്ന് തെളിയുകയായിരുന്നു (POCSO Case DNA Result). അയല്‍വാസിയായ ശ്രീധരൻ എന്നയാളാണ് യഥാർഥ പ്രതി എന്നും പൊലീസ് കണ്ടെത്തി. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് വിനീത് തന്‍റെ നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടം നടത്തിയത്. 2019 ഒക്‌ടോബർ 14നാണ് വിനീതിന്‍റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. വയറുവേദനയുമായി ഉപ്പുതറ സർക്കാർ ആശുപത്രിയിലെത്തിയ പതിനാലുകാരി നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. അർധ സഹോദരന്‍റെ കൂട്ടുകാരനായ വിനീതാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി. പിന്നീട് പെൺകുട്ടിയും അമ്മയും വിനീതല്ലെന്ന് പൊലീസിനോട് പറഞ്ഞതോടെ ഇയാളെ പറഞ്ഞുവിട്ടു. എന്നാൽ പീഡിപ്പിച്ചത് വിനീതാണെന്ന് വീണ്ടും പെൺകുട്ടി മൊഴി നൽകിയെന്ന് പറഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തു. കേസിന്‍റെ വിചാരണയ്ക്കിടെ ഡിഎൻഎ ഫലം വരികയും വിനീത് കുറ്റക്കാരനല്ലെന്ന് തെളിയുകയും ചെയ്‌തു. തുടർന്ന് അർധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിമാറ്റി. ഇയാളെയും അറസ്റ്റ് ചെയ്‌ത് ജയിലിലാക്കി. ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന്‍റെ അച്ഛൻ ഇയാളുമല്ലെന്ന് തെളിഞ്ഞു. കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് കുഞ്ഞിന്‍റെ അച്ഛനെന്ന് സംശയമുണ്ടെന്ന് വിനീത് കോടതിയില്‍ അറിയിച്ചതോടെ വീണ്ടും ഡിഎൻഎ പരിശോധന നടത്തി. ഇതിൽ കുഞ്ഞിന്‍റെ അച്ഛൻ ശ്രീധരനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കേസിന് പിന്നിൽ പ്രവർത്തിച്ചവരിൽ നിന്നും നഷ്‌ടപരിഹാരം കിട്ടുംവരെ നിയമപോരാട്ടം തുടരാനാണ് വിനീതിന്‍റെ തീരുമാനം.