ജനറല്‍ ടിക്കറ്റുമായി എസി കോച്ചില്‍ യാത്ര ചെയ്യാന്‍ ശ്രമം ; യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച് ടിടിഇയും കൂട്ടാളികളും
ഉത്തര്‍പ്രദേശ് : ഗൊരഖ്‌പൂരില്‍ ജനറല്‍ ടിക്കറ്റെടുത്ത് എസി കോച്ചില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചയാള്‍ക്ക് ക്രൂര മര്‍ദനം. ടിടിഇയും (ട്രാവലിങ് ടിക്കറ്റ് എക്‌സാമിനര്‍) കൂട്ടാളികളുമാണ് യാത്രക്കാരെ മര്‍ദിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മസർ ഹുസൈനാണ് ആക്രമണത്തിന് ഇരയായത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 6ന് ഗൊരഖ്‌പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സുഹൃത്തിനെ കാണാന്‍ ഗൊരഖ്‌പൂരില്‍ നിന്ന് ലഖ്‌നൗവിലേക്ക് പോകാന്‍ ജനറല്‍ ടിക്കറ്റ് എടുത്തതിന് ശേഷം ഇതുമായി എസി കോച്ചില്‍ യാത്ര ചെയ്‌തോട്ടെയെന്ന് ടിടിഇയോട് മസര്‍ ഹുസൈന്‍ ചോദിച്ചു. എന്നാല്‍ അത് സാധ്യമല്ലെന്ന് ടിടിഇ അറിയിക്കുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്‌തു.
സംഭവത്തില്‍ രോഷാകുലനായ ടിടിഇ മസര്‍ ഹുസൈനെ കമ്പാര്‍ട്ട്മെന്‍റില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്‌തു. ഇതോടെ മറ്റ് ടിടിഇകളും സ്ഥലത്തെത്തി മര്‍ദിക്കാന്‍ തുടങ്ങി. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
മര്‍ദനത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ഇത്തരമൊരു വീഡിയോയെ കുറിച്ച് അറിയില്ലെന്നും മസര്‍ ഹുസൈന്‍ ജനറല്‍ ടിക്കറ്റ് എടുത്ത് എസി കോച്ചില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കുകയും തങ്ങളോട് മോശമായി പെരുമാറുകയും ചെയ്‌തുവെന്നും ടിടിഇ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസും വിശദീകരിച്ചു.