Tour Package to Oommen Chandy tomb | ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ടൂർ പാക്കേജ് ; ആദ്യസംഘം പുതുപ്പള്ളി പള്ളിയിലെത്തി - ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ടൂർ പാക്കേജ്
🎬 Watch Now: Feature Video
കോട്ടയം:മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനുള്ള ടൂർ പാക്കേജിന്‍റെ ഭാഗമായി ആദ്യസംഘം പുതുപ്പള്ളിയിൽ എത്തി. തിരുവനന്തപുരത്ത് നിന്ന് 50 പേരടങ്ങിയ സംഘമാണ് ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെത്തിയത്. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12.30 ഓടെയാണ് സംഘം ഇവിടെ എത്തിയത്. സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന നടത്തി. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ കണ്ടാണ് സംഘം മടങ്ങിയത്. ആറ്റിങ്ങൽ സ്വദേശിയായ എസ് പ്രശാന്തനാണ് യാത്ര ഒരുക്കിയത്. ജൂലൈ 30ന് പാലാ രാമപുരത്ത് നാലമ്പല ദർശനത്തിനായി പോയപ്പോൾ ഉമ്മൻ ചാണ്ടിയെ സംസ്‌കരിച്ച പള്ളി സന്ദര്‍ശിക്കണം എന്ന് ബസിലുണ്ടായിരുന്നവർ ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് ടൂർ പാക്കേജ് ഒരുക്കിയതെന്ന് പ്രശാന്ത് പറഞ്ഞു. നിരവധി പേരാണ് ദിവസവും പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കുന്നത്. കല്ലറയില്‍ മെഴുകുതിരി കത്തിച്ചും പ്രിയ നേതാവിന്‍റെ നിത്യശാന്തിക്കായി പ്രാര്‍ഥന നടത്തിയുമാണ് ആളുകള്‍ മടങ്ങുന്നത്. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനുള്ള ടൂര്‍ പാക്കേജുമായി രംഗത്തുവന്നിരിക്കുകയാണ് സംസ്ഥാനത്തെ വിവിധ ഏജന്‍സികള്‍.