റസ്റ്ററന്‍റ് ഉടമ സിദ്ധിഖിന്‍റെ കൊലപാതകം : എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുത്തു, പ്രതികള്‍ക്ക് നേരെ ജനരോഷം - ഡി കാസ ഇൻ
🎬 Watch Now: Feature Video
കോഴിക്കോട് : ഹോട്ടൽ ഉടമ സിദ്ധിഖിനെ കൊലപ്പെടുത്തിയ എരഞ്ഞിപ്പാലത്തെ മുറിയിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ രാവിലെ 9:30തോടെ ഹോട്ടലില്‍ എത്തിച്ചത്. കൊലപാതകം നടന്ന ഡി കാസ ഇൻ ഹോട്ടലിലെ ജി 4 മുറിയിൽ എത്തിച്ച പ്രതികൾ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെല്ലാം പൊലീസിനോട് വിവരിച്ചു.
ഹോട്ടൽ മാനേജരിൽ നിന്നും തൊട്ടടുത്ത കടക്കാരിൽ നിന്നും തെളിവെടുപ്പ് സംഘം വിശദാംശങ്ങൾ ആരാഞ്ഞു. പ്രതികളെ എത്തിക്കുന്നതറിഞ്ഞ് വലിയ ജനക്കൂട്ടം സ്ഥലത്ത് തമ്പടിച്ചിരുന്നു. പ്രതികൾക്ക് നേരെ ജനങ്ങള്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.
ഹോട്ടലിലെ തെളിവെടുപ്പിന് ശേഷം പ്രതികളെ ട്രോളി ബാഗ് വാങ്ങിയ കല്ലായി റോഡിലെ കടയിലും ഇലക്ട്രിക് കട്ടർ വാങ്ങിയ പുഷ്‌പ ജങ്‌ഷനിലെ കടയിലും എത്തിച്ച് തെളിവെടുത്തു. അതിനിടെ മതിയായ രേഖകൾ ഇല്ലാതെ പ്രവർത്തിച്ച ഹോട്ടൽ ഡി കാസ ഇൻ കോർപറേഷൻ അധികൃതർ അടച്ചു പൂട്ടി. കോര്‍പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു പ്രവര്‍ത്തനം. കൊലപാതകത്തിന് പിന്നാലെയാണ് കോർപറേഷൻ അധികൃതർ രേഖകൾ പരിശോധിച്ചത്.