Tiger captured in Wayanad| ആശങ്കയകന്നു; വയനാട്ടിലെ പനവല്ലിയിലിറങ്ങിയ കടുവ കൂട്ടിലായി - കടുവയെ പിടികൂടി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/24-06-2023/640-480-18833233-thumbnail-16x9-jdfgh.jpg)
വയനാട്: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പ്രദേശത്തെ ഭീതിയിലാഴ്‌ത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടു. ഇന്നലെ രാത്രി 9 മണിയോടെയാണ് കടുവ കുടുങ്ങിയത്. കടുവയുടെ ആക്രമണമുണ്ടായ ആദണ്ടയില്‍ കഴിഞ്ഞ ആഴ്‌ചയാണ് കൂട് സ്ഥാപിച്ചത്.
രണ്ടാഴ്‌ച മുമ്പാണ് പനവല്ലിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പുളിയ്ക്കല്‍ മാത്യുവിന്‍റെ പശുവിനെയാണ് ആദ്യം കടുവ കൊന്നത്. പിന്നീട് വരകില്‍ വിജയന്‍റെ പശുക്കിടാവും പുളിയ്ക്കല്‍ റോസയുടെ പശുവും കടുവയുടെ ആക്രണത്തില്‍ ചത്തു.
ആദ്യഘട്ടത്തില്‍ വനപാലകര്‍ കാമറ വച്ചാണ് കടുവയെ നിരീക്ഷിച്ചത്. കൂടുവയ്ക്കണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കാപ്പിത്തോട്ടത്തില്‍ നിന്ന് അൽപം മാറിയാണ് കൂട് സ്ഥാപിച്ചത്. എന്നാല്‍ കൂട് സ്ഥാപിച്ച ശേഷം പ്രദേശങ്ങളില്‍ കടുവയുടെ ആക്രമണം ഉണ്ടായിരുന്നില്ല.
നോര്‍ത്ത് വയനാട് ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍, ബേഗൂര്‍ റെയ്ഞ്ച് ഓഫിസര്‍ കെ രാകേഷ്, ഡെപ്യുട്ടി റെയ്ഞ്ച് ഓഫിസര്‍മാരായ ജയേഷ് ജോസഫ്, അബ്‌ദുല്‍ ഗഫൂര്‍ എന്നിവര്‍ കടുവ കൂട്ടിലകപ്പെട്ട ശേഷം സ്ഥലത്തെത്തി. കടുവയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.