പൂരത്തിനൊരുങ്ങി തൃശൂർ; ചമയ പ്രദർശനത്തിന് തുടക്കം - ചമയ പ്രദർശനം
🎬 Watch Now: Feature Video
തൃശൂർ: ആരവങ്ങളും ആനന്ദവും ആവേശവും ഉള്ളിലൊതുക്കിയ പൂരപ്രേമികളുടെ കാത്തിരിപ്പിന് അവസാനമാകുന്നു. തൃശൂർ പൂരത്തിന്‍റെ വർണപ്പകിട്ടേറിയ ചടങ്ങായ ചമയ പ്രദർശനത്തിന് തുടക്കമായി. തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങളുടെ ചമയ പ്രദർശനം പാറമേക്കാവ് ക്ഷേത്രത്തോട് ചേർന്ന അഗ്രശാലയിൽ മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു.
ഇരുവിഭാഗവും ആയിരത്തോളം കുടകളാണ് ഇത്തവണ കുടമാറ്റത്തിൽ കാഴ്‌ചക്കാരെ അമ്പരപ്പിക്കാൻ ഒരുക്കിയിരിക്കുന്നത്. നെറ്റിപ്പട്ടങ്ങൾ, കച്ചക്കയർ, കുട മണി, പല നിറത്തിലുള്ള മുത്തുകൾ പിടിപ്പിച്ച ചുറ്റ് കയറ് തുടങ്ങി പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ അലങ്കാരങ്ങളും കുടമാറ്റത്തിനുള്ള കുറച്ച് കുടകളും അടങ്ങിയതാണ് ചമയ പ്രദർശനം. ഇരു വിഭാഗങ്ങളുടേയും സ്‌പെഷ്യൽ സസ്‌പെൻസ് കുടകൾ ഒഴികെയുള്ള കുടകളാണ് പ്രദർശനത്തിൽ ഉള്ളത്.
also read: തൃശൂര്‍ പൂരം: വിളംബരമറിയിക്കാന്‍ ഇത്തവണയും എറണാകുളം ശിവകുമാര്‍; തയ്യാറെടുപ്പില്‍ കൊമ്പന്‍
തിരുവമ്പാടി ദേശത്തിന്‍റെ പൂര ആചാരങ്ങൾ വിവരിക്കുന്ന പുസ്‌തകം മന്ത്രി ആർ ബിന്ദു പ്രകാശനം നിർവഹിച്ചു. ദേശത്തെ കുട്ടികൾ ഒരുക്കിയ കുടകളുടെ പ്രദർശനവും തിരുവമ്പാടി വിഭാഗം കൗസ്‌തുഭം ഹാളിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശനം കാണാൻ രാവിലെ മുതൽ തന്നെ നീണ്ട നിരയാണ്. തിരക്ക് പരിഗണിച്ച് നാളെയും പ്രദർശനമുണ്ടാകും.